സെന്റ് സ്റീഫന്‍സ് പെരുന്നാള്‍ ജനുവരി ഒമ്പതിന്
Wednesday, January 7, 2015 7:35 AM IST
കുവൈറ്റ്: കുവൈറ്റ് സെന്റ് സ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവക പെരുന്നാള്‍ ജനുവരി ഒമ്പതിന് കൊണ്ടാടുന്നു. സഭയിലെ ആദിമ രക്തസാക്ഷിയും സഹന പീഡകളുടെയും സഹിഷ്ണുതയുടെയും മധ്യസ്ഥനും ശെമ്മാശന്മാരില്‍ മുന്‍പനുമായ സ്തേഫാനോസ് സഹദായുടെ നാമധേയത്തില്‍ രൂപീകൃതമായ കുവൈറ്റിലെ ഏക ദേവാലയമാണ് സെന്റ് സ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവക.

2014 ജനുവരി ഒന്നിനു രൂപീകൃതമായ ഇടവകയുടെ പ്രധാന പെരുന്നാള്‍ ആണ് ആഘോഷിക്കുന്നത്. അബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ ജനുവരി ഒമ്പതിന് നടക്കുന്ന പെരുന്നാളിന് സഭയിലെ സീനിയര്‍ മെത്രാപോലിത്തയും കണ്ടനാട് ഭദ്രാസനാധിപനുമായ ഡോ. തോമസ് മാര്‍ അത്താനാസിയോസ് മുഖ്യ കാര്‍മികത്വം വഹിക്കും. ഫാ. മാത്യൂസ് ഓലിക്കല്‍ കോര്‍ എപ്പിസ്കോപ്പയും സഭാ ഡെപ്യൂട്ടി സെക്രട്ടറി ഫാ. പി.എ. ഫിലിപ്പും സഹകാര്‍മികരായി മൂന്നിന്മേല്‍ കുര്‍ബാന നടക്കും.

ജനുവരി ഒമ്പതിന് (വെള്ളി) രാവിലെ ഏഴിന് പ്രഭാത നമസ്കാരവും തുടര്‍ന്ന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയും തുടര്‍ന്ന് പെരുന്നാള്‍ വാഴ്വും നേര്‍ച്ച വിളമ്പും ഉണ്ടായിരിക്കും.

പെരുന്നാള്‍ കൊടിയേറ്റ് ജനുവരി രണ്ടിന് (ഞായര്‍) വിശുദ്ധ. കുര്‍ബാനക്കുശേഷം സഭാ ഡെപ്യൂട്ടി സെക്രട്ടറി ഫാ. പി.എ. ഫിലിപ്പ് നിര്‍വഹിച്ചു. കൊടിയേറ്റിന് ഇടവക വികാരി ഫാ. സജു ഫിലിപ്പ്, ഫാ. മാത്യൂസ് ഓലിക്കല്‍ കോര്‍ എപ്പിസ്കോപ്പ, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ നൂറു കണക്കിന് വിശ്വാസികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍