അബാസിയയില്‍ ഗുണ്ടാ സംഘങ്ങള്‍ വിലസുന്നു
Monday, January 5, 2015 10:08 AM IST
കുവൈറ്റ് : മലയാളികള്‍ തിങ്ങിത്താമസിക്കുന്ന അബാസിയ മേഖലയില്‍ ഗുണ്ടാസംഘങ്ങള്‍ പെരുകുന്നു. വടിവാളും കുറുവടിയുമായി തങ്ങളുടെ സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുത്തിയിരിക്കുന്ന മലയാളികള്‍ നേതൃത്വം നല്‍കുന്ന സംഘാങ്ങള്‍ക്കിടയില്‍ അദൃശ്യമായ രീതിയില്‍ പ്രദേശത്തുതന്നെ സ്വന്തന്ത്ര വിഹാരം നടത്തുവാന്‍ അതിര്‍ത്തികള്‍ പോലും നിശ്ചയിച്ചിരിക്കുന്നതായാണ് അറിവ്.

സമീപകാലത്തായി അബാസിയയിലെ വിവിധ ഭാഗങ്ങളില്‍ സംഘങ്ങള്‍ തമ്മിലുള്ള പോര്‍വിളികള്‍ നിത്യേന അരങ്ങേറുകയാണ്. സ്കൂള്‍ കുട്ടികളുടെയും ന്യൂ ജനറേഷന്‍ യുവാക്കളുടെയും ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ ഇത്തരം സംഘാംഗങ്ങളുടെ കാര്‍മികത്വത്തിലായിരുന്നു ഇക്കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയത്.

14 ഉം 15 ഉം വയസുള്ള ആണ്‍-പെണ്‍കുട്ടികള്‍ ഇരുട്ടിന്റെ മറവില്‍ ലൈറ്റുകള്‍ അണച്ച് കാതടിപ്പിക്കുന്ന സംഗീതത്തിന്റെ അകമ്പടിയോടെ നടത്തുന്ന ആഘോഷങ്ങള്‍ അബാസിയയിലെ തന്നെ ചില ഹോട്ടലുകളും അനധികൃത ഓഡിറ്റോറിയങ്ങളും കേന്ദ്രീകരിച്ചാണ് നടക്കുന്നത്. വൈകുന്നേരം ട്യൂഷന് പോകുന്നെന്ന വ്യാജേന വിദ്യാര്‍ഥിനികള്‍ രക്ഷിതാക്കള്‍ അറിയാതെ പങ്കെടുക്കുന്ന ഇത്തരം ആഹ്ളാദ പരിപാടികളില്‍ പുറത്തുള്ളവര്‍ക്ക് കര്‍ശനമായ വിലക്കാണുള്ളത്.മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അമിതമായ ഉപയോഗവും ഇത്തരം പരിപാടിക്ക് കൊഴുപ്പേകുന്നതായി അറിയുന്നു. അറബ് പാക്കിസ്ഥാനി വംശജരുടെ ആക്രമണത്തില്‍ നിന്ന് തദ്ദേശിയരായ മലയാളികളെ രക്ഷിക്കുവാന്‍ ചില സാമുഹ്യ പ്രവര്‍ത്തകരുടെ പിന്തുണയോടെ രൂപമെടുത്ത സംഘങ്ങള്‍ ഇപ്പോള്‍ മലയാളികള്‍ക്ക് തന്നെ ഭീതി നല്‍കുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്. ഇത്തരം സംഘങ്ങള്‍ക്കെതിരെ പരാതിയുണ്ടാകുമ്പോള്‍ നടത്തുന്ന പോലിസ് അന്വേഷണങ്ങള്‍ പോലും സമൂഹത്തിലെ ഉന്നതരായ ആളുകളുടെ സ്വാധീനം മൂലം പ്രഹസനമായി മാറുകയാണെന്നാണ് പരക്കെയുള്ള ആക്ഷേപം.

കഴിഞ്ഞ ദിവസം കുവൈറ്റിലെ മാധ്യമ പ്രവര്‍ത്തകരും ഇവരുടെ ശൌര്യമറിഞ്ഞിരുന്നു. പ്രമുഖ മത സംഘടനയുടെ പത്ര സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ ഓഡിറ്റോറിയത്തിലെത്തിയതായിരുന്നു പത്ര പ്രവര്‍ത്തകര്‍. തൊട്ടടുത്ത് തന്നെയുള്ള ഹാളില്‍ നിന്നും ചെവി പൊട്ടുമാറുച്ചത്തില്‍ ഉയര്‍ന്ന് വന്ന സംഗീതം അവഗണിച്ച് ഒരു കണക്കിനായിരുന്നു സംഘാടകര്‍ പത്ര സമ്മേളനം നടത്തിയത്. ഒമ്പത്, പത്ത് ക്ളാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ മദ്യ ലഹരിയില്‍ ഒന്നിരിക്കുവാന്‍ പോലും സാധിക്കാതെ സ്വയം തീര്‍ത്ത സിഗരറ്റ് പുകപടലത്തിനുള്ളില്‍ മറയുന്ന കാഴ്ച പരമ ദയനീയമായിരുന്നു. പുറത്തുനിന്ന കുട്ടികളുടെ നിര്‍ബന്ധ പ്രകാരം ഹാളിലേക്ക് കയറിയ മാധ്യമ പ്രവര്‍ത്തകരെ ഒരു പറ്റം കുട്ടികള്‍ ചേര്‍ന്ന് തടയുകയും തുടര്‍ന്ന് നിമിഷ നേരം കൊണ്ട് വടിവാളും കുറുവടിയുമായി ഓഡിറ്റോറിയത്തില്‍ എത്തിച്ചേര്‍ന്ന ഗുണ്ടാസംഘങ്ങള്‍ കയേറ്റം ചെയ്യുകയും മദ്യലഹരിയില്‍ ആക്രമിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. അപ്രതീക്ഷിതമായ ആക്രമണത്തെ തുടര്‍ന്ന് അങ്കലാപ്പിലായ മാധ്യമ പ്രവര്‍ത്തകരെ തെറിയഭിഷേകം നടത്തിയ ഗുണ്ടാ സംഘങ്ങളെ ഹോട്ടല്‍ അധികൃതര്‍ വന്ന് ഇറക്കി വിട്ട് പ്രശ്നം തീര്‍ക്കുകയായിരുന്നു. സംഘത്തിന്റെ തലവന്മാരന്ന് പരിചയപ്പെടുത്തിയവര്‍ പത്ര പ്രതിനിധികളോട് ഈ കാര്യങ്ങള്‍ ദയവുചെയ്ത് റിപ്പോര്‍ട്ട് ചെയ്യരുതന്നും പാക്കിസ്ഥാനികളുടെയും അറബ് വംശജരുടെയും ആക്രമണം വരുമ്പോള്‍ തങ്ങള്‍ മാത്രമാണ് മലയാളി സമൂഹത്തിനുവേണ്ടി ഇവിടെ പ്രതിരോധിക്കുവാന്‍ ഉള്ളുവെന്നും തൊട്ടുമുമ്പ് നടന്ന കൈയേറ്റ ശ്രമത്തില്‍ ഖേദം പ്രകടിപ്പിക്കുകയുമായിരുന്നു. മൂന്നാഴ്ച മുമ്പ് നടന്ന പാക്കിസ്ഥാനി ആക്രമണത്തില്‍ കുത്തേറ്റ തങ്ങളുടെ സഹോദരന്‍ കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് പുറത്തിറങ്ങിയത്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ഒരു സംഘടനെയും മാധ്യമങ്ങളെയും കാണാറില്ലന്നും ജീവന്‍ പണയംവച്ചു കളിക്കുന്ന തങ്ങളെ പോലുള്ളവരെ അപമാനിക്കുവാന്‍ ശ്രമിക്കരുതെന്നും അവര്‍ അഭ്യര്‍ഥിച്ചു. അതിനിടെ നിയമവ്യവസ്ഥയെയും ജനങ്ങളെയും നോക്കുകുത്തിയാക്കി വിലസുന്ന ഗുണ്ടാ സംഘങ്ങള്‍ക്കെതിരെ പ്രതികരിക്കുവാന്‍ പോലും കഴിയാതെ മൌനം പാലിക്കുന്ന പ്രവാസി സംഘടനകള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്. മലയാളി സമൂഹവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പരാതികള്‍ സാമുഹ്യ പ്രവര്‍ത്തകരും സംഘടനകളും ലാഘവത്തോടെ കൈകാര്യം ചെയ്തതിന്റെ ഫലമായി ഗുണ്ടാ ആക്രമണം പ്രദേശത്ത് വര്‍ധിച്ചിരിക്കുകയാണന്ന് തദ്ദേശവാസികള്‍ പരാതിപ്പെട്ടു. ട്യൂഷന് പോകുന്ന വിദ്യാര്‍ഥിനികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ കുറച്ചുകൂടി സൂക്ഷ്മത കാണിക്കണം. രക്ഷിതാക്കളുടെയും അധ്യാപകരുടെയും ഭാഗത്തുനിന്നുള്ള അശ്രദ്ധയും കരുതലില്ലായ്മയും കുട്ടികള്‍ വഴിതെറ്റുവാന്‍ കാരണമാകുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ട്യൂഷന്‍ കഴിഞ്ഞ ഉടന്‍ ഇവര്‍ വീട്ടിലേക്ക് പോകുന്നുണ്െടന്ന് അധ്യാപകരും വീട്ടിലത്തുെന്നുണ്െടന്ന് വീട്ടുകാരും ഉറപ്പുവരുത്തുകയാണ് ഇതിന് പരിഹാരമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍