വടകര സഹകരണ ആശുപത്രി വികസനം; ഭാരവാഹികള്‍ കുവൈറ്റില്‍
Friday, January 2, 2015 6:19 AM IST
കുവൈറ്റ് സിറ്റി: ആരോഗ്യ പരിപാലന രംഗത്ത് ജനകീയത ഉയര്‍ത്തിപിടിച്ചു കഴിഞ്ഞ 25 വര്‍ഷക്കാലമായി പ്രവര്‍ത്തിക്കുന്ന വടകര സഹകരണ ആശുപത്രിയുടെ പുതിയ വികസന പ്രവര്‍ത്തനങ്ങളുമായി ആശുപത്രി ഭരണസമിതി അംഗങ്ങള്‍ കുവൈറ്റില്‍ എത്തി.

ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ളാസ്റി, ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി എന്നീ വിഭാഗങ്ങള്‍ സജ്ജീകരിക്കാനും എംആര്‍ഐ സംവിധാനം സ്ഥാപിക്കാനുമായി 25 കോടിയുടെ പുതിയ പദ്ധതിയാണ് ആശുപത്രി അധികൃതര്‍ മുന്നോട്ട് വയ്ക്കുന്നത്. പതിനഞ്ച് കോടി രൂപയാണ് ഗള്‍ഫ് നാടുകളില്‍ നിന്നും സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നത്. ഓഹരി ഉടമകള്‍ക്ക് ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി ഉള്‍പ്പെടെയുള്ള മറ്റു വിവിധ ആനുകൂല്യങ്ങളാണ് ഭരണസമിതി പ്രഖ്യാപിക്കുന്നത്.

സാധാരണക്കാര്‍ക്ക് ചുരുങ്ങിയ ചെലവില്‍ അത്യാധുനിക ചികിത്സാ സൌകര്യം ലഭ്യമാക്കുകയാണ് ആശുപത്രി ലക്ഷ്യമാക്കുന്നത്. കേരള സഹരണ ഹോസ്പിറ്റല്‍ അസോസിയേഷന്‍ ചെയര്‍മാനും ഏഷ്യ പസഫിക് ഹെല്‍ത്ത് കോഓപ്പറേറ്റീവ് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ മെയ്യാരത്ത് പത്മനാഭന്‍ മാസ്ററാണ് ആശുപത്രി ചെയര്‍മാന്‍. ആശുപത്രിയുടെ പുതിയ വികസന സംരഭവുമായി സഹകരിക്കാനും ഓഹരി പങ്കാളിത്തത്തില്‍ താത്പര്യമുള്ളവരെയും കാണുന്നതിനായി ആശുപത്രി പിആര്‍ഒ ശശി പറമ്പത്ത് കുവൈറ്റില്‍ എത്തിയിട്ടുണ്ട്.

വിശദാംശങ്ങള്‍ക്ക് 65820193.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍