സദാചാര പോലീസിനെ ചെറുക്കുക: കല കുവൈറ്റ്
Tuesday, December 30, 2014 8:08 AM IST
കുവൈറ്റ് സിറ്റി: നമ്മുടെ നാട്ടില്‍ ഇന്ന് സദാചാര പോലീസ് എന്ന് സ്വയം വേഷം കെട്ടി നിയമ സംവിധാനങ്ങളെയും സമരങ്ങളെയും ആക്രമിക്കുന്ന ഗുണ്ടാ സംവിധാനങ്ങള്‍ വ്യാപകമാവുകയാണ്. ഈ ഫാസിസ്റ് കൂട്ടങ്ങള്‍ക്ക് എല്ലാ സഹായങ്ങളും നല്‍കുന്ന രീതിയിലാണ് കേരളത്തിലെ പോലീസ് സംവിധാനവും പ്രവര്‍ത്തിക്കുന്നത്. ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്. സാദചാര പോലീസിംഗിനെതിരെ എല്ലാ ജന വിഭാഗങ്ങളെയും അണിനിരത്തിയുള്ള ജനകീയ കൂട്ടായ്മകളും സമര രീതികളും ഉയര്‍ത്തിക്കൊണ്ടുവരാന്‍ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് സാല്‍മിയ മേഖല പ്രതിനിധി സമ്മേളനം അംഗീകരിച്ച പ്രമേയം ആഹ്വാനം ചെയ്തു.

സാല്‍മിയ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍, അമ്മാന്‍ ബ്രാഞ്ച് ഓഡിറ്റോറിയത്തില്‍ നടന്ന പ്രതിനിധി സമ്മേളനം കല കുവൈറ്റിന്റെ മുതിര്‍ന്ന അംഗം ജെ.ആല്‍ബര്‍ട്ട് ഉദ്ഘാടനം ചെയ്തു. വി.അനില്‍കുമാര്‍, കെ. മുസ്തഫ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികള്‍ നിയന്ത്രിച്ചത്. മേഖല സെക്രട്ടറി രാജന്‍ സി. കുളക്കട പ്രവര്‍ത്തന റിപ്പോര്‍ട്ടും സംഘടന റിപ്പോര്‍ട്ട് ടി.വി.ഹികമതും അവതരിപ്പിച്ചു. അരുണ്‍കുമാര്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സമ്മേളനത്തെ അഭിസംബോധന ചെയ്ത് കല കുവൈറ്റ് പ്രസിഡന്റ് ജെ.സജി, ജനറല്‍സെക്രട്ടറി ടി.വി.ജയന്‍, ട്രഷറര്‍ റെജി കെ.ജേക്കബ് കേന്ദ്ര ഭാരവാഹികളായ ബാലഗോപാല്‍, നൌഷാദ്, സജി തോമസ് മാത്യു എന്നിവര്‍ പ്രസംഗിച്ചു. വിനോദ് കെ.ജോണ്‍ ക്രെഡന്‍ഷ്യല്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

സമ്മേളനം രമേശ് കണ്ണപുരം സെക്രട്ടറിയായും പി.ആര്‍ കിരണ്‍, ഷാനവാസ്, സുജിത്, വിനോദ് കെ.ജോണ്‍, മുസ്തഫ, നൌഷാദ്, വിജയ്കൃഷ്ണന്‍, മിഥുന്‍, സജിത്ത് കടലുണ്ടി, മുരളി പുനലൂര്‍ എന്നിവരും മേഖലയിലെ യൂണിറ്റ് കണ്‍വീനറും അടങ്ങിയ മേഖല കമ്മിറ്റിയേയും തെരഞ്ഞെടുത്തു.

സമ്മേനത്തിന് ദിലീപ് നടേരി സ്വാഗതവും പുതുതായി തെരഞ്ഞെടുക്കപ്പെട്ട മേഖല സെക്രട്ടറി രമേശ് കണ്ണപുരം നന്ദിയും പ്രകാശിപ്പിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍