ഡോ. മുഹമദ് കാവുങ്ങലിന് ഭാരത് ഗൌരവ് അവാര്‍ഡ്
Monday, December 29, 2014 10:09 AM IST
ജിദ്ദ: ലോകരാഷ്ട്രങ്ങള്‍ക്കിടയിലെ ഇന്ത്യന്‍ വംശജരുടെ സൌഹൃദയപരമായ കൂട്ടായ്മയുണ്ടാക്കുകയും അവര്‍ക്കിടയില്‍ ആശയവിനിമയത്തിലൂടെ ക്രിയാത്മകമായ പരസ്പര സഹകരണവും രാഷ്ട്ര പുരോഗതിയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫ്രന്റ്ഷിപ് സൊസൈറ്റിയുടെ (ഐഐഎഫ്എസ്) ഈ വര്‍ഷത്തെ ഭാരത് ഗൌരവ് പുരസ്കാരത്തിന് ഡോ. മുഹമ്മദ് കാവുങ്ങല്‍ അര്‍ഹനായി.

മൂന്നര പതിറ്റാണ്ട് തികയുന്ന പ്രവാസ ജീവിതത്തിനിടയില്‍ നേടിയ തൊഴില്‍ രംഗത്തെ മികച്ച നേട്ടങ്ങളേയും നിരവധി സൌഹൃദകൂട്ടായ്മകളിലും സംഘടനകളിലും സമര്‍പ്പിച്ച സ്തുത്യര്‍ഹമായ സേവനങ്ങളെയും മുന്‍ നിര്‍ത്തിയാണ് ഇന്ത്യയുടെ മുന്‍ സിബിഐ ഡയറക്ടര്‍ ജഗീന്ദര്‍ സിംഗ് ഐപിഎസ് ചെയര്‍മാനായുള്ള സമിതി കാവുങ്ങല്‍ മുഹമ്മദിന് പുരസ്കാരം പ്രഖ്യാപിച്ചത്.

മലപ്പുറം ജില്ലയിലെ അബ്ദുറഹ്മാന്‍ നഗര്‍ സ്വദേശി കാവുങ്ങല്‍ കുഞ്ഞിപോക്കര്‍ മുസ്ലിയാരുടെയും കള്ളിയത്ത് കുഞ്ഞായിഷ ഹജ്ജുമ്മയുടെയും സീമന്ത പുത്രനാണ് മുഹമ്മദ് കാവുങ്ങല്‍. ഇന്ത്യന്‍ സാമ്പത്തിക വിദഗ്ധരേയും വിദേശ നിക്ഷേപകരേയും മറ്റു പ്രമുഖ ക്ഷണിക്കപെട്ട അതിഥികളെയും പങ്കെടുപ്പിച്ച് ഇന്ത്യന്‍ സാമ്പത്തിക വികസനത്തില്‍ ആഗോള പ്രാതിനിധ്യം എന്ന വിഷയത്തില്‍ ജനുവരി ആറിന് ന്യൂഡല്‍ഹിയിലെ ഹോട്ടല്‍ ലെ മെരിഡിയനില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം നടക്കും. ന്യുയോര്‍ക്ക് ആസ്ഥാനമായ മാര്‍ഷ് ഇന്‍ഷ്വറന്‍സ് ആന്‍ഡ് റിസ്ക് മാനേജ്മെന്റ് കമ്പനിയുടെ വൈസ് പ്രസിഡന്റായി സേവനം നല്‍കുന്ന കാവുങ്ങല്‍ ഇന്ത്യയിലെയും സൌദി അറേബ്യയിലെയും പ്രമുഖമായ പല സംഘടനകളുടെയും സുപ്രധാന ഉത്തരവാദിത്തങ്ങള്‍ വഹിക്കുന്നുണ്ട്.

ഭാര്യ: നഫീസ കള്ളിയത്ത്. മക്കള്‍: മുഫീദ, മുബീന, മുനീബ്, മുനവര്‍. മരുമകന്‍: ഫൈസാബ്. കൊച്ചുമകന്‍ : യുംന എന്നിവരോടൊത്ത് ജിദ്ദയില്‍ താമസമാണ്.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍