കൊലക്കേസില്‍ പിടിയിലായ മൂന്നു മലയാളികളെ കോടതി വെറുതെ വിട്ടു
Monday, December 29, 2014 4:57 AM IST
കുവൈറ്റ്: ഫിലിപ്പീന്‍ യുവതിയെ കൊന്ന് ഫ്ളാറ്റിന് തീയിട്ട കേസില്‍ പിടിയിലായ മൂന്നു മലയാളികളെ കോടതി വെറുതെ വിട്ടു. ജസ്റിസ് മിത്അബ് അല്‍ആര്‍ദിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. താമരശ്ശേരി സ്വദേശി അജിത് അഗസ്റിന്‍, ഈങ്ങാപ്പുഴ സ്വദേശി ടിജോ തോമസ്, ബാലുശ്ശേരിയിലെ തുഫൈല്‍ എന്നിവരെയാണു കുറ്റകാരല്ലെന്നു കണ്െടത്തി കോടതി വെറുതെ വിട്ടത് . ഈവര്‍ഷം ഫെബ്രുവരി 11നാണ് ഫര്‍വാനിയ പാകിസ്താന്‍ സ്കൂളിന് സമീപം ബഹുനില കെട്ടിടത്തിലെ ഫ്ളാറ്റില്‍ തീപിടിത്തമുണ്ടാവുകയും ഫിലിപ്പീന്‍ യുവതിയായ ഇസ്ത്രീല കാബ കുജാന്‍ എന്ന ജമീല ഗോണ്‍സാലസിനെ മരിച്ച നിലയില്‍ കണ്ടത്തുെകയും ചെയ്തത്. തീപിടിത്തത്തെ തുടര്‍ന്നാണ് യുവതി മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍, മൃതദേഹം ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് തീപിടിത്തത്തിനുമുമ്പ് തന്നെ യുവതി കൊല്ലപ്പെട്ടിരുന്നുവെന്ന് തെളിഞ്ഞത്.

സംഭവസ്ഥലത്തുനിന്ന് അജിത് അഗസ്റിന്റെ സിവില്‍ ഐഡി കിട്ടിയതിനെ തുടര്‍ന്നാണ് ഇയാളെ പൊലീസ് കസ്റഡിയിലെടുത്തത്. ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. പലിശക്ക് പണം കടം കൊടുക്കാറുണ്ടായിരുന്ന യുവതിയില്‍നിന്ന് വന്‍ സംഖ്യ വാങ്ങിയിരുന്ന അജിത് അത് തിരിച്ചടക്കാതിരിക്കാന്‍ യുവതിയെ കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തുകയും തെളിവ് നശിപ്പിക്കാന്‍ സുഹൃത്തുക്കളുടെ സഹായത്തോടെ ഫ്ളാറ്റിന് തീകൊളുത്തുകയായിരുന്നുവെന്നുമാണ് കേസ്.

പ്രമുഖ ബേക്കറി സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അജിത് ഫിലിപ്പീന്‍കാരിയുടെ ഇടനിലക്കാരനായി നിന്ന് പലര്‍ക്കും പണം പലിശക്കെടുത്ത് നല്‍കിയിരുന്നതായും പറയപ്പെടുന്നു. ഇയാള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സഹപ്രവര്‍ത്തകരാണ് ടിജോ തോമസും ബാലുശ്ശേരി സ്വദേശി തുഫൈലും.കൊലപാതകത്തിനും തെളിവ് നശിപ്പിക്കാനും സഹായിച്ചതായി അജിത് മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് ഇവര്‍ പിടിയിലായത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍