കെപിഎല്‍ സീസണ്‍ 4 ക്രിക്കറ്റ് ലീഗ് കീരിടം ഉടുപ്പി ഫ്രന്റ്സിന്
Wednesday, December 17, 2014 6:33 AM IST
കുവൈറ്റ്: കെപിഎല്‍ സീസണ്‍ 4 ക്രിക്കറ്റ് ലീഗ് കീരിടം ഉടുപ്പി ഫ്രന്റ്സിന്. അബാസിയയില്‍ നടന്ന ആവശേകരമായ ഫൈനല്‍ മത്സരത്തില്‍ ഫ്രൈഡേ കോര്‍ട്ടിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് കീരിടം സ്വന്തമാക്കിയത്.

ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത ഫ്രൈഡേ കോര്‍ട്ടിന് തുടക്കത്തിലെ തിരിച്ചടി നേരിട്ടു. സ്കോര്‍ ബോര്‍ഡില്‍ രണ്ടക്കം തെളിയുന്നതിന് മുമ്പേ തന്നെ ഓപ്പണര്‍മാരെ നഷ്ടപ്പെട്ട ഫ്രൈഡേ കോര്‍ട്ട് 16 ഓവറില്‍ 79 റണ്‍സിന് പുറത്താവുകയായിരുന്നു . ബാറ്റിംഗ് തകര്‍ച്ച നേരിട്ടെങ്കിലും വാലറ്റവുമായി ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് പൊരുതാവുന്ന സ്കോറിലേക്ക് ഫ്രൈഡേ കോര്‍ട്ടിനെ നയിച്ചത്. തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ ഉടുപ്പി ഫ്രന്റ്സ് 13 ഓവറില്‍ 80 റണ്‍സ് നേടി ഉജ്ജ്വല വിജയം നേടുകയായിരുന്നു.

ഉടുപ്പി ഫ്രന്റ്സിനുവേണ്ടി ബൌളിംഗില്‍ അവിസ്മരണീയമായ പ്രകടനം കാഴ്ചവച്ച ക്യാപ്റ്റന്‍ അഷ്ഫാക്കിന് മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് ലഭിച്ചു. എറ്റെനിറ്റി ട്രാവല്‍സ് സ്പോണ്‍സര്‍ ചെയ്ത മാന്‍ ഓഫ് ദി സീരിസ് അവാര്‍ഡ് വിന്നേഴ്സ് ഇന്റര്‍നാഷണല്‍ താരം നദീം അര്‍ഹനായി.

കുവൈറ്റിലെ പ്രമുഖരായ 40 ഓളം ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ നാലു ഗ്രൂപ്പുകളായാണ് മത്സരിച്ചത്. ഓരോ ഗ്രൂപ്പില്‍ നിന്നും കൂടുതല്‍ പോയിന്റ് നേടിയ മൂന്ന് ടീമുകള്‍ നോക്കൌട്ട് റൌണ്ടിലേക്ക് പ്രവേശിക്കുകയായിരുന്നു.

സമ്മാനദാന ചടങ്ങില്‍ ക്യൂ സെവന്‍ മൊബൈല്‍ മാനേജിംഗ് ഡയറക്ടര്‍മാരായ നൌഷാദ്, ഹയാസ്, ആഷിക്, ഗ്രാന്‍ഡ് ഹൈപ്പര്‍ റീജിയണല്‍ ഡയറക്ടര്‍ അയൂബ് കേച്ചേരി, ലുലു ഹൈപ്പര്‍ പ്രതിനിധി മനോജ് കുമാര്‍, ജുനൂബ് മാധ്യമം എന്നിവര്‍ പങ്കെടുത്തു. വിജയികള്‍ക്കുള്ള ട്രോഫി അയൂബ് കേച്ചേരി കൈമാറി. കെപിഎല്‍ സീസണ്‍ 5 2015 ജനുവരി 15 ന് ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍