പ്രവാസി സമൂഹത്തിലെ ജീര്‍ണതകള്‍ക്കെതിരെ നവോദയ സ്നേഹസംഗമം സംഘടിപ്പിച്ചു
Monday, December 15, 2014 7:09 AM IST
ദമാം: പ്രവാസി സമൂഹത്തിലെ സാമൂഹ്യ, സാംസ്കാരിക ജീര്‍ണതകള്‍ക്കെതിരെ ബോധവത്കരണവുമായി നവോദയ കിഴക്കന്‍ പ്രവിശ്യ സ്നേഹസംഗമം സംഘടിപ്പിച്ചു.

കാമ്പയിനിന്റെ ഭാഗമായി നവോദയ ദെല്ല ഏരിയയിലെ വിവിധ യൂണിറ്റുകളില്‍ വൈവിധ്യങ്ങളായ പരിപാടികളോടെ സ്നേഹസംഗമങ്ങള്‍ നടത്തി. കഴിഞ്ഞ രണ്ടു വെള്ളിയാഴ്ചകളിലായി കൊദ്രിയ മേഖലയിലെ നാലു യൂണിറ്റുകള്‍, ദെല്ല മേഖലയിലെ അഞ്ച് യൂണിറ്റുകള്‍, സെക്കന്റ് ഇന്റസ്ട്രീസ് മേഖലയിലെ മൂന്ന് യൂണിറ്റുകള്‍ തുടങ്ങി 12 ഓളം യൂണിറ്റുകളില്‍ സ്നേഹസംഗമം സംഘടിപ്പിച്ചു. വരും ദിവസങ്ങളില്‍ നയന്റിവണ്‍ മേഖലയിലെ അഞ്ച് യൂണിറ്റുകളില്‍ കൂടി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കും.

പ്രവാസി സമൂഹത്തില്‍ വളര്‍ന്നുവരുന്ന ദുശീലങ്ങള്‍ അപകടമായ അവസ്ഥയിലേക്കു നീങ്ങുകയാണ്. സൌദി അറേബ്യയുടെ നിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഓരോരുത്തരും സ്വയം വിപത്തുകള്‍ വിളിച്ചു വരുത്തുകയാണ്. കൂടാതെ ശാരീരികവും മാനസികവും സാമൂഹ്യപരവും സാമ്പത്തികവും സാംസ്കാരികവും കുടുംബപരവുമായ നിരവധി പ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്ന മദ്യപാനം, പുകവലി, മയക്കുമരുന്ന്, തായ്ലന്റ് ലോട്ടറി, സോഷ്യല്‍ മീഡിയയുടെ തെറ്റായ ഉപയോഗം തുടങ്ങി എല്ലാവിധ ദുശീലങ്ങളും സമൂഹത്തില്‍ നിന്നും തുടച്ചു നീക്കി ആരോഗ്യപരമായ ഒരു പുത്തന്‍ സമൂഹത്തെ വാര്‍ത്തെടുക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ സ്നേഹസംഗമങ്ങള്‍ വഴിയൊരുക്കുമെന്ന് പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ച മുഖ്യാതിഥികള്‍ അഭിപ്രായപ്പെട്ടു.

സെക്കന്റ് ഇന്‍ഡസ്ട്രീസ് മേഖലയില്‍ നടന്ന സ്നേഹസംഗമത്തില്‍ നവോദയ കേന്ദ്ര വൈസ് പ്രസിഡന്റ് കൃഷ്ണകുമാര്‍ വിഷയം അവതരിപ്പിച്ച് സംസാരിച്ചു. അരവിന്ദന്‍ കണ്ണൂര്‍, വണ്ടൂരുണ്ണി, വിജയകുമാര്‍ നങ്ങേത്ത്, സി.പി എഡ്വേര്‍ഡ് തേവലക്കര തുടങ്ങിയവര്‍ പങ്കെടുത്ത് പ്രസംഗിച്ചു. ജോഷ്വ, ഗോപാല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. മറ്റു യൂണിറ്റുകളില്‍ ജിന്‍സ് ലൂക്കോസ്, ഒ. സുരേഷ്ബാബു , ബി. ജയപ്രകാശ്, ഗഫൂര്‍ കരിമ്പ, പ്രേംസി ഏബ്രഹാം, പ്രദീപ് കെ.ബി- എസ്.എന്‍ പുരം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കേന്ദ്ര കമ്മിറ്റി നേതാക്കളായ പ്രദീപ് കൊട്ടിയം, ഇ.എം. കബീര്‍, ജോര്‍ജ് വര്‍ഗീസ്, സൈനുദ്ദീന്‍ എന്നിവരും വിവിധ യൂണിറ്റുകളില്‍ നടത്തിയ സ്നേഹസംഗമങ്ങളില്‍ പങ്കെടുത്ത് പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം