'ഫാസിസത്തിന്റെ വളര്‍ച്ചയെ തടയേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യം'
Monday, December 8, 2014 8:50 AM IST
കുവൈറ്റ്: ഹിംസാത്മക ഫാസിസത്തിന്റെ വളര്‍ച്ചയെ തടയുന്നതിന് ബാബറി മസ്ജിദ് പുനര്‍നിര്‍മാണം അനിവാര്യമാണെന്ന് കുവൈറ്റ് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സംഘടിപ്പിച്ച ബാബറി സെമിനാര്‍ ആവശ്യപ്പെട്ടു.

ബാബരി മസ്ജിദ് യഥാ സ്ഥാനത്ത് പുനര്‍നിര്‍മിക്കുമ്പോള്‍ മാത്രമേ ഇന്ത്യയുടെ മതേതരത്തിനേറ്റ കളങ്കം മാറുകയുള്ളുവെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത കുവൈറ്റ് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം മുന്‍ പ്രസിഡന്റ് അബ്ദുസലാം പാങ്ങ് പറഞ്ഞു.

'മറക്കില്ല ബാബറിയും നീതി നിഷേധങ്ങളും' എന്ന വിഷയത്തില്‍ റിഥം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ ബാബറി മസ്ജിദിന്റെ കാര്യത്തില്‍ ഭരണകൂടം ആവര്‍ത്തിച്ച് നീതി നിഷേധിക്കുകയാണെന്ന് വിഷയാവതരണം നടത്തിയ കിഫ് അബാസിയ മേഖല പ്രസിഡന്റ് അബ്ദുസമദ് നന്തി കൂട്ടിച്ചേര്‍ത്തു. നൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ഫസിസ്റ് കടന്നാക്രമണങ്ങളെ പ്രതിരോധിക്കാന്‍ മുസ്ലിം സംഘടനകള്‍ ഒന്നിച്ച് നില്‍ക്കണമെന്ന് സാമൂഹിക പ്രവര്‍ത്തകനും കുവൈറ്റ് മാപ്പിള കലാ അക്കാഡമി ചെയര്‍മാനുമായ അഷ്റഫ് കാളത്തോട് ആവശ്യപ്പെട്ടു. വികലമായ പ്രസ്താവനയിലൂടെയും ഫസിസ്റ് കടന്നാക്രമണങ്ങളിലൂടെയും മോദി ഭരണകൂടം മുസ്ലിങ്ങള്‍ക്കെതിരെ നിരന്തരം പ്രകോപനം സ്യഷ്ടിക്കുകയാണെന്ന് കെകെഎംഎ സെക്രട്ടറി മുനീര്‍ തുരുത്തി പറഞ്ഞു. മതേതരവാദികള്‍ എന്നറിയപ്പെടുന്ന പാര്‍ട്ടികളില്‍ പോലും സംഘപരിപാരത്തിന്റെ ആധിപത്യം നിലനില്‍ക്കുന്നതുകൊണ്ടാണ് തൊഗാഡിയയ്ക്കെതിരെയുള്ള കേസ് കേരള സര്‍ക്കര്‍ പിന്‍വലിച്ചതെന്ന് പിസിഎഫ് പ്രസിഡന്റ് അഹമദ് പറഞ്ഞു. നീതി നിഷേധങ്ങള്‍ക്കെതിരെ ശബ്ദിക്കേണ്ടത് മുസ്ലിമിന്റെ ബാധ്യതയാണെന്ന് മനുഷ്യാവകാശപ്രവര്‍ത്തനത്തിന്റെ ഇസ്ലാമിക മാനങ്ങള്‍ വിഷദീകരിച്ചുകൊണ്ട് യുവ പണ്ഡിതന്‍ റഹീസ് ദാരിമി പറഞ്ഞു. എല്ലാ പൌരന്മാര്‍ക്കും തുല്യനീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ മുഴുവന്‍ മതേതരവിശ്വാസികളും കൈകോര്‍ക്കണമെന്ന് സമാപന പ്രസംഗം നടത്തിയ നൌഷാദ് തളിപ്പറമ്പ ആവശ്യപ്പെട്ടു.

മുസ്തഫ പട്ടാമ്പി അധ്യക്ഷത വഹിച്ച സെമിനാറില്‍ മാസ്റര്‍ അബ്ദുള്‍ ഹാദി ഖിറാഅത്തും സൈഫുദ്ദീന്‍ കണ്ണൂര്‍ സ്വാഗതവും സക്കറിയ നന്ദിയും പറഞ്ഞു.