ന്യായാധിപലോകത്തെ മനുഷ്യ സ്നേഹിക്ക് പ്രവാസ ലോകത്തിന്റെ സ്മരണാഞ്ജലി
Monday, December 8, 2014 8:49 AM IST
കുവൈറ്റ് സിറ്റി: രാജ്യത്തെ ഒരു ന്യായാധിപനും ലഭിക്കാത്ത സ്നേഹവായ്പും സാധാരണക്കാരന്റെ മനസില്‍ തീരാദുഃഖവും സമ്മാനിച്ചു കടന്നുപോയ ധീരനായ മനുഷ്യസ്നേഹി ജസ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ക്ക് കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ കല കുവൈറ്റ് നേതൃത്വത്തില്‍ കുവൈറ്റ് പ്രവാസലോകം സ്മരണാഞ്ജലി അര്‍പ്പിച്ചു.

ഇന്ത്യയിലെ നിയമ സംവിധാനങ്ങള്‍ എങ്ങനെ സാധാരണക്കാരന്റെ പക്ഷത്ത് നിന്ന് വ്യാഖ്യാനിക്കാം എന്ന് പൊതുസമൂഹത്തിനു കാണിച്ചുകൊടുത്ത ന്യായാധിപനായിരുന്നു കൃഷ്ണയ്യരെന്ന് അനുശോചന പ്രമേയം അവതരിപ്പിച്ചുകൊണ്ട് കല കുവൈറ്റ് സാഹിത്യവിഭാഗം സെക്രട്ടറി ഷാജു വി. ഹനീഫ് പറഞ്ഞു. തികഞ്ഞ ഇടതുപക്ഷ സഹയാത്രികന്‍, നിയമഞ്ജന്‍, ഗ്രന്ഥകര്‍ത്താവ്, മികച്ച ഭരണാധികാരി, മനുഷ്യാവാകാശ പ്രവര്‍ത്തകന്‍ തുടങ്ങി തന്റെ ജീവിതംകൊണ്ടു കൈവയ്ക്കാത്ത മേഖലകളില്ലായിരുന്നു ജസ്റീസ് വി.ആര്‍.കൃഷ്ണയ്യര്‍ക്ക്.

കല കുവൈറ്റ് പ്രസിഡന്റ് ജെ. സജിയുടെ അധ്യക്ഷതയില്‍ അബാസിയ ഒലീവ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ കുവൈറ്റിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. കൈപ്പട്ടൂര്‍ തങ്കച്ചന്‍, റിയാസ് അയനം, മനോജ് ഉദയപുരം, ജോയ് മുണ്ടകാട്, ചെസില്‍ രാമപുരം, കെ.പി. ബാലകൃഷ്ണന്‍, എന്‍. അജിത്കുമാര്‍, സലിം രാജ്, സാം പൈനുംമൂട്, അനിയന്‍കുഞ്ഞ്, ദിലീപ് നടേരി, രാജന്‍ സി.കുളക്കട എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു. സമ്മേളനത്തിന് കല കുവൈറ്റ് ജനറല്‍ സെക്രട്ടറി ടി.വി.ജയന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി ബാലഗോപാല്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍