ജിദ്ദ വെള്ളപ്പൊക്ക ദുരന്തം: 45 പേര്‍ക്കു തടവ് സജീവന്‍ പൊയ്ത്തുംകടവ്
Wednesday, December 3, 2014 6:26 AM IST
ജിദ്ദ: മലയാളികളടക്കം 123 പേരുടെ മരണത്തിനിടയാക്കിയ 2009ലെ ജിദ്ദ വെള്ളപ്പൊക്കത്തിന് ഉത്തരവാദികളായ 45 പേര്‍ക്ക് തടവുശിക്ഷ. ഇവരെ മൊത്തം 118 വര്‍ഷവും ആറുമാസവും തടവിനാണ് ശിക്ഷിച്ചത്. കൂടാതെ പ്രതികള്‍ക്ക് മൊത്തം 1.47 കോടി റിയാല്‍ പിഴയും ചുമത്തി. സൌദിയിലെ കോര്‍ട്ട് ഓഫ് ഗ്രീവിയന്‍സാണ് പ്രതികള്‍ക്ക് തടവുശിക്ഷ വിധിച്ചത്. 72 പേരെ കോടതി കുറ്റക്കാരല്ലെന്ന് കണ്ടു വിട്ടയച്ചു.

2009 നവംബര്‍ 25നാണ് ജിദ്ദയില്‍ നാലു മണിക്കൂറോളം നീണ്ട ശക്തമായ മഴയെ തുടര്‍ന്നു വെള്ളപ്പൊക്കമുണ്ടായത്. ചില സ്ഥലങ്ങളില്‍ മൂന്നു മീറ്റര്‍വരെ വെള്ളം പൊങ്ങി. വെള്ളപ്പൊക്കത്തില്‍ 350 ലധികം പേരെ കാണാതായി. 10,000ലധികം പേര്‍ ഭവനരഹിതരായി. മൂവായിരത്തോളം വാഹനങ്ങള്‍ ഒഴുകിപ്പോവുകയോ തകരുകയോ ചെയ്തു. അപകടത്തില്‍പ്പെട്ട പലരും കാറുകള്‍ ഒഴുക്കില്‍പ്പെട്ടാണ് മരിച്ചത്. വെള്ളപ്പൊക്കത്തില്‍ മരിച്ച ഒരു മലയാളിയടക്കം രണ്ടു ഇന്ത്യക്കാരെ ഡിഎന്‍എ പരിശോധനയിലാണ് തിരിച്ചറിഞ്ഞത്.

വെള്ളപ്പൊക്ക ദുരന്തത്തെ തുടര്‍ന്നു സൌദി ഭരണാധികാരി അബ്ദുള്ള രാജാവ് അന്വേഷണത്തിന് ഉത്തരവിടുകയും ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേര്‍ അറസ്റിലാവുകയും ചെയ്തിരുന്നു. അഴിമതിയും ആസൂത്രണ പാളിച്ചയുമാണു ദുരന്തത്തിനു വഴിവച്ചതെന്നു വ്യാപകമായ പരാതിയുണ്ടായി. കേസ് അന്വേഷിച്ച സംഘം 300 പേരെ ചോദ്യംചെയ്യുകയും 300 കമ്പനികളില്‍ അന്വേഷണം നടത്തുകയും ചെയ്തു. 131 പേരെയാണ് പ്രതിചേര്‍ത്തത്. ഇതില്‍ ഉന്നത ഉദ്യോഗസ്ഥര്‍, എന്‍ജിനിയര്‍മാര്‍, ബിസിനസുകാര്‍, വിദേശ തൊഴിലാളികള്‍ എന്നിവര്‍ ഉള്‍പ്പെടും. 39 വിധികളാണ് ഇതുവരെ കോടതി പുറപ്പെടുവിച്ചത്. ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ 14 അടിയന്തര പദ്ധതികളാണു മക്ക ഗവര്‍ണറേറ്റില്‍ നടപ്പാക്കിയത്. അഞ്ചു ഡാമുകള്‍ നിര്‍മിക്കുകയും പശ്ചാത്തല സൌകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും നിലവിലുള്ള തോടുകള്‍ വികസിപ്പിക്കുകയും ചെയ്തു. 2009ലെ ദുരന്തം കഴിഞ്ഞു രണ്ടു വര്‍ഷത്തിനുശേഷം ജിദ്ദയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ പത്തു പേര്‍ മരിച്ചിരുന്നു.