ഇന്ത്യക്കാര്‍ക്ക് രണ്ട് ദിവസം കൊണ്ട് ഫ്രാന്‍സ് ടൂറിസ്റ് വീസ നല്‍കുന്നു
Saturday, November 29, 2014 10:22 AM IST
പാരിസ്: ഫ്രാന്‍സിലേക്കുള്ള ടൂറിസ്റ് വീസാ നിയമത്തില്‍ ഇന്ത്യാക്കാര്‍ക്ക് ഇളവ് വരുത്തി. ഫ്രാന്‍സിലേക്കുള്ള ടൂറിസ്റ് വീസകള്‍ ഡിസംബര്‍ ഒന്നു മുതല്‍ ഇന്ത്യയില്‍ 48 മണിക്കൂറിനുള്ളില്‍ നല്‍കും. ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ ഡോ. ഫ്രാങ്കോസ് റിഹിയര്‍ അറിയിച്ചതാണിത്. അതുപോലെ ബയോമെട്രിക് പാസ്പോര്‍ട്ട് വേണമെന്നുള്ള നിയന്ത്രണം ഇന്ത്യാക്കാര്‍ക്ക് കര്‍ശനമാക്കുകയില്ല. ടൂറിസ്റ് വീസക്കുവേണ്ടി ഇന്ത്യയിലെ ഫ്രഞ്ച് എംബസി അല്ലെങ്കില്‍ കോണ്‍സുലേറ്റില്‍ നല്‍കുന്ന അപേക്ഷകര്‍ക്ക് 48 മണിക്കൂറിനുള്ളിലും പുറംകരാര്‍ ഏജന്‍സിയായ വിഎഫ്എസിനെ ഏല്‍പ്പിക്കുന്ന അപേക്ഷകര്‍ക്ക് 72 മണിക്കൂറിനുള്ളിലും വീസ നല്‍കും.

ഫ്രഞ്ച് എംബസി ഡല്‍ഹിയിലും കോണ്‍സുലേറ്റുകള്‍ മുംബൈ, ബംഗളൂരു, കോല്‍ക്കത്ത, പോണ്ടിച്ചേരി എന്നിവിടങ്ങളിലും പ്രവര്‍ത്തിക്കുന്നു. പുറംകരാര്‍ ഏജന്‍സിയായ വിഎഫ്എസിന്റെ ഓഫീസുകള്‍ ചാണ്ഡിഗഡ്, ജലന്തര്‍, പൂന, ഗോവാ, അഹമ്മദാബാദ്, കൊച്ചി, ഹൈദരാബാദ് എന്നീ നഗരങ്ങളിലാണ്.

അതുപോലെ ഷെങ്കന്‍ വീസയില്ലാതെ ഇന്ത്യയില്‍ നിന്നും ജര്‍മനിയില്‍ വരുന്ന ടൂറിസ്റുകള്‍ക്കും ഫ്രഞ്ച് വീസക്ക് ജര്‍മനിയില്‍ നിന്ന് അപേക്ഷിക്കാം. എന്നാല്‍ ഈ തരത്തില്‍ ജര്‍മനിയില്‍ വന്നതിനുശേഷമുള്ള വീസ അപേക്ഷകള്‍ കഴിയുന്നതും ഒഴിവാക്കണമെന്നും അസാധാരണ സാഹചര്യത്തില്‍ മാത്രമേ ഇത് അനുവദിക്കുകയുള്ളു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍