മനോനില തെറ്റിയ ആന്ധ്രാക്കാരനെ ഒഐസിസി നാട്ടിലയച്ചു; ബന്ധുക്കള്‍ മെഹബൂബിനെ തേടിയലഞ്ഞത് 10 വര്‍ഷം
Friday, November 28, 2014 8:42 AM IST
റിയാദ്: തലസ്ഥാന നഗരിയിലെ തെരുവിലൂടെ മനോനില തെറ്റി അലഞ്ഞു നടന്നിരുന്ന ആന്ധ്രയിലെ കടപ്പ സ്വദേശി മെഹബൂബ് പരീതിനെ കഴിഞ്ഞ ദിവസം സാമൂഹ്യ പ്രവര്‍ത്തകര്‍ മുംബൈ വഴി ചെന്നൈയിലേക്കുള്ള വിമാനത്തില്‍ നാട്ടിലേക്കയച്ചു.

ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രവര്‍ത്തകരുടെ നിരന്തര പരിശ്രമഫലമായാണ് മെഹബൂബിന്റെ ബന്ധുക്കളെ കണ്െടത്താനും രേഖകള്‍ ശരിയാക്കി അദ്ദേഹത്തെ നാട്ടിലയക്കാനും സാധിച്ചത്. 11 വര്‍ഷം മുമ്പ് നാട്ടില്‍ നിന്നു പോന്ന മെഹബൂബിനെ ബന്ധുക്കള്‍ വര്‍ഷങ്ങളായി തിരയുകയായിരുന്നു. കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ നാട്ടിലയക്കുന്ന വിവരമറിയിക്കാന്‍ നോര്‍ക്ക പ്രതിനിധി ശിഹാബ് കൊട്ടുകാട് കുടുംബവുമായി ബന്ധപ്പെട്ടപ്പോഴാണ് മരിച്ചുവെന്ന് കരുതിയിരുന്ന മെഹബൂബിനെ തിരികെ ലഭിച്ച സന്തോഷം ബന്ധുക്കള്‍ പങ്കു വച്ചത്.

ഒരാഴ്ച മുമ്പാണ് മെഹബൂബ് പരീതിനെ തെരുവില്‍ അലയുന്ന നിലയില്‍ ഒഐസിസി പ്രവര്‍ത്തകര്‍ കണ്െടത്തുന്നത്. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥനായ പുഷ്പരാജിന്റെ സഹായത്തോടെ തര്‍ഹീലില്‍ കൊണ്ടു പോയി വിരലടയാളം എടുത്തപ്പോഴാണ് സ്പോണ്‍സറുടേയും പാസ്പോര്‍ട്ടിന്റെയും വിവരങ്ങള്‍ ലഭ്യമായത്. തീര്‍ത്തും മാനസികനില തെറ്റിയ അവസ്ഥയിലുള്ള മെഹബൂബിനെ ഷിഫ അല്‍ ജസീറ പോളിക്ളിനിക്കില്‍ പ്രവേശിപ്പിക്കുകയും ഒഐസിസി പ്രവര്‍ത്തകര്‍ ഇന്ത്യന്‍ എംബസിയില്‍ നിന്നും ഇസി ശരിയാക്കുകയും ചെയ്തു. തര്‍ഹീലില്‍ നിന്നും എക്സിറ്റ് അടിച്ച് ലഭിച്ച ശേഷം ചെന്നൈയിലേക്ക് പോകുന്ന മാലിക് ജാഫറിന്റെ കൂടെ നാട്ടിലയക്കാന്‍ തീരുമാനിക്കുകയായിരുന്നു.

മെഹബൂബിന്റെ ബന്ധുക്കളെ കണ്െടത്താന്‍ പത്രപ്രവര്‍ത്തകനായ ഇര്‍ഫാന്‍ സഹായിച്ചതായി ഒഐസിസി പ്രവര്‍ത്തകര്‍ പറഞ്ഞു. മെഹബൂബിനെക്കുറിച്ചുള്ള വിവരങ്ങള്‍ ആരാഞ്ഞ് ബന്ധുക്കള്‍ നിരവധി തവണ ഇന്ത്യന്‍ എംബസിയിലും പരാതിപ്പെട്ടിരുന്നു. പാവപ്പെട്ട ഒരു കുടുംബത്തില്‍ നിന്നുള്ള മെഹബൂബിന്റെ പിതാവും സഹോദരങ്ങളും ജീവിച്ചിരിപ്പുണ്ട്. മാതാവ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചിരുന്നു.

മെഹബൂബിനും കൂടെ യാത്രചെയ്തവനുമുള്ള യാത്രാ ചെലവുകള്‍ ഒഐസിസി സമാഹരിച്ചു നല്‍കിയതായി ശിഹാബ് പറഞ്ഞു. ബന്ധുക്കള്‍ ചെന്നൈ വിമാനത്താവളത്തില്‍ മെഹബൂബിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു. ഒഐസിസി ജീവകാരുണ്യ പ്രവര്‍ത്തകന്‍ സജാദ് ഖാനും അസ്കര്‍ കണ്ണൂര്‍, മാത്യൂസ്, ഷംനാദ് കരുനാഗപ്പള്ളി, സലിം കളക്കര, മുഹമ്മദലി മണ്ണാര്‍ക്കാട്, ശിഹാബ് കൊട്ടുകാട്, ഷമീര്‍ ചാരുംമൂട്, അബ്ദുള്ള വല്ലാഞ്ചിറ തുടങ്ങിയ ഒഐസിസി പ്രവര്‍ത്തകരും അഹമ്മദ് കോയ സിറ്റി ഫ്ളവര്‍, ഹംസ റോയല്‍ ട്രാവല്‍സ് എന്നിവരും മെഹബൂബിനുവേണ്ട സഹായങ്ങള്‍ നല്‍കാന്‍ തയാറായി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍