വിദേശികളുടെ തൊഴിലുകളില്‍ യോഗ്യത പരീക്ഷ ഘട്ടം ഘട്ടമായി നടപ്പാക്കും
Thursday, November 27, 2014 10:16 AM IST
ദമാം: വിദേശികളായ തൊഴിലാളികളുടെ യോഗ്യത സംബന്ധിച്ചുള്ള പരീക്ഷ ഘട്ടം ഘട്ടമായി നടപ്പാക്കാന്‍ തീരുമാനമായതായി സൌദി തൊഴില്‍ മന്ത്രലായ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ മേധാവി തയ്സീര്‍ അല്‍ മുഫ് രിജ് വ്യക്തമാക്കി.

സൌദിയിലെ തൊഴില്‍ മേഖല മികവുറ്റതും രാഷ്ട്രാന്തര നിലവാരമുള്ളതുമാക്കി ഉയര്‍ത്തുകയെന്ന ഉദ്ദേശത്തോടെയാണ് സ്വകാര്യമേഖലയില്‍ ജോലിചെയ്യുന്ന തൊഴിലാളികളുടെ യോഗ്യത നിലവാരം പരിശോധിച്ചു ഉറപ്പാക്കുന്നതെന്നു അല്‍ മുഫ് രിജ് വ്യക്തമാക്കി.

ഏതു തൊഴിലുകളിലാണോ തൊഴിലാളികള്‍ ജോലിചെയ്യുന്നത് ആ ജോലികളില്‍ മതിയായ യോഗ്യതയും അനുഭവ പരിചയവും ഉണ്ടായിരിക്കണം. മുന്ന് ഘട്ടങ്ങളിലായാണ് വിദേശ തൊഴിലാളികളുടെ യോഗ്യത പരീക്ഷ നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന് അല്‍ മുഫ്രിജ് പറഞ്ഞു.

സൌദിയിലെ വിദേശികള്‍ക്ക് അവരുടെ ജോലികള്‍ക്കനുസൃതമായി യോഗ്യത പരീക്ഷ നടപ്പാക്കുമെന്ന് നേരത്തെ തൊഴില്‍ മന്ത്രി അറിയിച്ചിരുന്നു. തൊഴിലാളികളുടെ രാജ്യങ്ങളില്‍ തന്നെയാണ് ഇത് നടപ്പാക്കുകയെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. മെഡിക്കല്‍ പരിശോധന മാതൃകയില്‍ അംഗീകാരമുള്ള സെന്ററുകളെയായിരിക്കും ഇതിന്റെ ചുമതല ഏല്‍പ്പിക്കുക. സൌദിയിലെ വിദേശ തൊഴിലാളികള്‍ക്ക് യോഗ്യതാ പരീക്ഷയേര്‍പ്പെടുത്തണമെന്ന് സൌദി ശൂറാ കൌസിലിലും ആവശ്യമുന്നയിച്ചിരുന്നു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം