സദാചാര ഗുണ്ടായിസം നാടിനാപത്ത്: നവോദയ
Tuesday, November 25, 2014 8:19 AM IST
ജിദ്ദ: കേരളീയ സമൂഹത്തില്‍ അടുത്ത കാലത്തായി സദാചാരത്തിന്റെ പേരില്‍ നടന്നു വരുന്ന വര്‍ഗീയ ശക്തികളുടെ തെരുവ് ഗുണ്ടായിസം നാടിനാപത്ത് ആണെന്ന് ജിദ്ദ നവോദയ സഫ ഏരിയ സമ്മേളനം വിലയിരുത്തി.

ഒരു പരിഷ്കൃത ജനാധിപത്യ സമൂഹത്തില്‍ ആണ്‍, പെണ്‍ സൌഹൃദത്തിന്റെ അളവുകോല്‍ നിര്‍ണയിക്കാന്‍ ഇന്ത്യന്‍ ഭരണഘടനാ ആര്‍ക്കും അധികാരം നല്‍കിയിട്ടില്ലെന്നിരിക്കെ കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ ജാതി,മത ശക്തികള്‍ക്കു കീഴടങ്ങുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കോഴിക്കോട്ടേയും കൊച്ചിയിലെയും സംഭവങ്ങള്‍ തെളിയിക്കുന്നത്. ഇത്തരം ആപത്കരമായ നീക്കങ്ങള്‍ക്കെതിരെ പുരോഗമന കേരളീയ സമൂഹം ജാഗ്രത പാലിക്കണമെന്ന് സഫ ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ജുനൈസ്, മധു വി. മണി, ഷീബ സിയാദ്, ഗീത മണികണ്ഠന്‍ എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനങ്ങള്‍ നിയന്ത്രിച്ചത്. ബാലവേദി കുട്ടികളുടെ സ്വാഗത ഗാനത്തോടെ ആരംഭിച്ച സമ്മേളനം ജിദ്ദ നവോദയ പ്രസിഡന്റ് ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഇന്ത്യയുടെ സമസ്ത മേഖലകളെയും വര്‍ഗീയവത്കരിക്കുവാനും ബഹുരാഷ്ട്ര കുത്തകള്‍ക്ക് കീഴടങ്ങി ലോകമാകെ സഞ്ചരിക്കുന്ന പ്രധാനമന്ത്രി ലോകത്തേറ്റവും കൂടുതല്‍ ദരിദ്രര്‍ അധിവസിക്കുന്ന രാജ്യമാണെന്നുള്ള

കാര്യം മറന്നുപോകുന്നത് ഖേദകരമാണെന്നും ഇത്തരം സാമൂഹ്യചുറ്റുപാടില്‍ ഇന്ത്യയില്‍ ഇടതുപക്ഷത്തിന്റെ പ്രസക്തി നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിനീഷ് കെ. വിജയന്‍, ഹനീഫ സി.എം, ഷാജി എന്നിവര്‍ വിവിധ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി ഏരിയ സെക്രട്ടറി സിയാദ് ഹബീബ് പ്രവര്‍ത്തന റിപ്പോര്‍ട്ടും, ജലീല്‍ കൊങ്ങത്ത് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു .ജീവകാരുണ്യ, കലാ,സാംസ്കാരിക പ്രവര്‍ത്തനങ്ങളെകുറിച്ചു നവോദയ ജനറല്‍ സെക്രട്ടറി നവാസ് വെമ്പായം സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

മുരളി നെല്ലിക്കല്‍ (റിഹാബ്), ഗോപി നെടുങ്ങാടി (സഫ 1), മജീദ് (സഫ 2), അഷറഫ് (ദാഹ്ബാന്‍), അലവി (സാമര്‍) എന്നിവര്‍ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തു. വനിതവേദിയെ പ്രതിനിധീകരിച്ച് സുവിജ സത്യന്‍ പ്രസംഗിച്ചു. സമ്മേളനത്തിന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സലാഹുദ്ദീന്‍, അര്‍ഷാദ് ഫെറോക്ക്, ബഷീര്‍ അരിപ്ര, ഹുസൈന്‍ വല്ലിശേരി, ഇസ്മായില്‍ തൊടുപുഴ, ഷിനു പന്തളം എന്നിവര്‍ പ്രസംഗിച്ചു.

അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള കമ്മിറ്റി പാനല്‍ നവോദയ രക്ഷാധികാരസമിതിയംഗം അബ്ദുറഹ്മാന്‍ വണ്ടൂര്‍ അവതരിപ്പിച്ചു. ജലീല്‍ കൊങ്ങത്ത് (പ്രസിഡന്റ്), ജിജി മോഹന്‍, ഫൈസല്‍ അക്കാട്ട് (വൈസ്പ്രസിഡന്റുമാര്‍), ജുനൈസ് (സെക്രട്ടറി), പരീദ്, മധു വി. മണി (ജോ. സെക്രട്ടറിമാര്‍), മണികണ്ഠന്‍ (ട്രഷറര്‍), സി.എം നാസര്‍ (ജീവകാരുണ്യ കണ്‍വീനര്‍) തുടങ്ങി 21 അംഗ കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. ജിജി മോഹന്‍ സ്വാഗതവും ജുനൈസ് നന്ദിയും പറഞ്ഞു

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍