ബ്രദര്‍ സണ്ണി സ്റീഫന്‍ യൂറോപ്പ് പര്യടനം പൂര്‍ത്തിയായി
Friday, November 21, 2014 8:13 AM IST
റോം: ജീവിതത്തിന് ആത്മീയ ഉണര്‍വും തലമുറകള്‍ അനുഗ്രഹീതമാകാനുളള അറിവും ആത്മാഭിഷേകത്തിന്റെ നിറവും തുളുമ്പുന്ന കുടുംബ നവീകരണ സന്ദേശങ്ങള്‍ നല്‍കി പ്രശസ്ത വചന പ്രഘോഷകനും കുടുംബ പ്രേഷിതനും മെസേജ് മിഷന്‍ ഡയറക്ടറുമായ ബ്രദര്‍ സണ്ണി സ്റീഫന്‍ നയിച്ച കുടുംബ വിശുദ്ധീകരണ ധ്യാനം യൂറോപ്പില്‍ പൂര്‍ത്തിയായി.

കുടുംബ ജീവിതം നയിക്കുന്നവര്‍ക്ക് ആവശ്യമായ ശക്തമായ തിരുവചന പ്രബോധനങ്ങളും ആഴമേറിയ വിശ്വാസ ബോധ്യങ്ങളും ജീവിതാനുഭവ പാഠങ്ങളും നല്‍കുന്ന ബ്രദര്‍ സണ്ണി സ്റീഫന്റെ പ്രഭാഷണങ്ങള്‍ മനസിനെ ചലിപ്പിക്കുകയും ആത്മാവിനെ ജ്വലിപ്പിക്കുകയും ചെയ്യുന്നതാണെന്ന് ജര്‍മനിയിലെ മലങ്കര മിഷന്‍ ഡയറക്ടര്‍ റവ. ഫാ. സന്തോഷ് അഭിപ്രായപ്പെട്ടു.

ജര്‍മന്‍ സമൂഹത്തിനുവേണ്ടി ഹൈഡല്‍ബര്‍ഗില്‍ നല്‍കിയ ധ്യാന സന്ദേശങ്ങള്‍ ജര്‍മനിയിലെ ആദ്യകുടിയേറ്റക്കാരിയായ ഏലിയാമ്മ ഐസക്ക് പരിഭാഷപ്പെടുത്തി. വചനങ്ങളുടെ അര്‍ഥവും സന്ദേശങ്ങളുടെ പ്രഭാവവും ഒട്ടും ചോരാതെതന്നെ ഏലിയാമ്മ നടത്തിയ ജര്‍മന്‍ പരിഭാഷ ജര്‍മന്‍കാരുടെ മുക്തകണ്ഠപ്രശംസയ്ക്ക് വഴിതെളിച്ചു. ബ്രദര്‍ നിരവധി ജര്‍മന്‍കാര്‍ക്ക് കൌണ്‍സിലിംഗും നല്‍കി. ജര്‍മന്‍കാരിയായ പ്രശസ്ത ഗായിക സ്റെഫി ഗാനശുശ്രൂഷയ്ക്കു നേതൃത്വം നല്‍കി. ഹൈഡല്‍ബര്‍ഗ് കൂടാതെ ലുഗാനോ, സൂറിച്ച്, റോസ്മിസ്റിക്ക, റോം എന്നിവിടങ്ങളിലാണ് ധ്യാനം നടന്നത്.

ചാവറ അച്ചനേയും സിസ്റര്‍ ഏവുപ്രാസ്യമ്മയേയും വിശുദ്ധരായി പ്രഖ്യാപിക്കുന്ന വത്തിക്കാനിലെ ചടങ്ങില്‍ പങ്കെടുത്തതിനുശേഷം നവംബര്‍ 25 ന്, ബ്രദര്‍ സണ്ണി സ്റീഫന്‍ നാട്ടിലേക്ക് മടങ്ങും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍