സെന്റ് ഗ്രീഗോറിയോസ് മഹാഇടവകയുടെ ആദ്യഫലപെരുന്നാള്‍ നവംബര്‍ 21 ന്
Thursday, November 20, 2014 7:21 AM IST
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാഇടവകയുടെ സണ്‍ ഡേ സ്കൂള്‍ സ്ഥാപിതമായതിന്റെ അമ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനവും ആദ്യഫലപെരുന്നാളും നവംബര്‍ 21 ന് (വെള്ളി) രാവിലെ 8.30 മുതല്‍ വൈകിട്ട് 7.30വരെ ഹവല്ലി അല്‍ജലീല്‍ അല്‍ജദീദ് സ്കൂളില്‍ നടക്കും.

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ഇടുക്കി ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപോലീത്താ മുഖ്യാതിഥിയായിരിക്കും. കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജെയിന്‍, സൌത്ത് ആഫ്രിക്കന്‍ അംബാസഡര്‍ ഡെലാരി വാന്‍ടോണ്‍ഡന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍, പ്രത്യേകമായി തയാറാക്കിയ പതാക ഉയര്‍ത്തല്‍, ജൂബിലി ഗാനാലാപനം, ലോഗോപ്രകാശനം, മെഡലിയന്‍ പ്രകാശനം എന്നിവയും ഉണ്ടായിരിക്കും.

ഇടവകയിലെ ആത്മീയപ്രസ്ഥാനങ്ങള്‍, സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ഥികള്‍ എന്നിവര്‍ അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, പ്രശസ്ത വയലിനിസ്റ് മനോജ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള 4 സ്ട്രിംഗ്സ് നയിക്കുന്ന സംഗീതവിരുന്നില്‍ പ്രശസ്തപിന്നണി ഗായിക സിതാര കൃഷ്ണകുമാര്‍, റഹ്മാന്‍, വിഷ്ണുരാജ് എന്നിവര്‍ അണിനിരക്കുന്നു. പരിപാടിയുടെ വിജയത്തിനായുള്ള ഒരുക്കങ്ങള്‍ നടന്നുവരികയാണെന്ന് സംഘാടകസമിതി അംഗങ്ങളായ മാത്യൂസ് മാര്‍ തേവോദോസിയോസ്, ഇടവക വികാരി ഫാ. രാജുതോമസ്, സഹവികാരി ഫാ. റെജി സി. വര്‍ഗീസ്, ട്രഷറര്‍ സജി മാത്യു, സെക്രട്ടറി സാബു ഏലിയാസ്, പെരുന്നാള്‍ ജനറല്‍ കണ്‍വീനര്‍ ജോണ്‍ ജോര്‍ജ്, സണ്‍ഡേ സ്കൂള്‍ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ജനറല്‍ കണ്‍വീനര്‍ പി.സി. ജോര്‍ജ, സണ്‍ഡേ സ്കൂള്‍ ഹെഡ്മാസ്റര്‍ കുര്യന്‍ വര്‍ഗീസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍