മലപ്പുറം ജില്ലാ കെഎംസിസി സേവന പുരസ്കാരം
Wednesday, November 19, 2014 10:08 AM IST
റിയാദ്: മലപ്പുറം ജില്ലാ കെഎംസിസി നാല് മാസമായി റിയാദില്‍ നടത്തി വരുന്ന റിവൈവ് കാമ്പയിന്റെ ഭാഗമായി കെഎംസിസിയുടെ ആദ്യകാല പ്രവര്‍ത്തകരെ സേവന പുരസ്കാരം നല്‍കി ആദരിക്കുന്നു.

വര്‍ഷങ്ങളായി പ്രവാസ ജീവിതം നയിക്കുന്നതോടൊപ്പം സാമൂഹ്യ,സാംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് നിസ്വാര്‍ഥമായ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സാധാരണക്കാരായ പ്രവര്‍ത്തകരേയാണ് ആദരിക്കുന്നതിനായി തെരഞ്ഞെടുത്തിരിക്കുന്നത്.

ഇബ്രാഹിം പുറങ്ങ് പൊന്നാനി, ചങ്കരത്ത് അസീസ് മുണ്ടുമുഴി, സലിം അങ്ങാടിപ്പുറം, കണക്കയില്‍ മുഹമ്മദ് ആക്കപ്പറമ്പ്, കുന്നത്ത് ബീരാന്‍ പരപ്പനങ്ങാടി, ടി. ബീരാന്‍ പാലപ്പെട്ടി, ബിരാന്‍ ചുള്ളിപ്പാറ, ഒള്ളക്കന്‍ മുഹമ്മദ് കുട്ടി കൊടിഞ്ഞി, എം.പി മൊയ്തു വാഴക്കാട്, ഇസ്മായില്‍ കുന്നപ്പള്ളി, മുഹമ്മദ് ഏലംകുളം, സുല്‍ത്താന്‍ കാവനൂര്‍, അധികാരത്തൊടി അലവിക്കുട്ടി മേല്‍മുറി, അബാസ് എടക്കാട്, വഴിക്കടവ്, എന്‍.പി അബൂബക്കര്‍ എന്ന കോയ ചെട്ടിപ്പടി, അബ്ദുറസാഖ് കൊടക്കാട്, മുഹമ്മദ് പുത്തലത്ത് മഞ്ചേരി എന്നീ പതിനേഴ് പേര്‍ക്കാണ് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി പുരസ്കാരം നല്‍കി ആദരിക്കുകയെന്ന് റിംഫ് സെന്ററില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ നാഷണല്‍ കമ്മിറ്റി സെക്രട്ടറി അര്‍ഷുല്‍ അഹമ്മദ് പ്രഖ്യാപിച്ചു.

അര്‍ഷുല്‍ അഹമ്മദ് ചെയര്‍മാനായും സി.പി മുസ്തഫ, കെ.ടി അബൂബക്കര്‍ പൊന്നാനി, അലവിക്കുട്ടി ഒളവട്ടൂര്‍, അബ്ദുസമദ് കൊടിഞ്ഞി, അഷ്റഫ് കല്‍പ്പകഞ്ചേരി എന്നിവര്‍ അംഗങ്ങളുമായുള്ള ജൂറിയാണ് പുരസ്കാര ജേതാക്കളെ തീരുമാനിച്ചത്.

അടുത്ത വെള്ളിയാഴ്ച വൈകുന്നേരം ഏഴിന് ബത്ഹയിലെ ന്യൂ സഫാമക്കാ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പുരസ്കാര വിജയികളെ ആദരിക്കും. ഇവരുടെ കഴിഞ്ഞകാല പ്രവാസ അനുഭവങ്ങള്‍ പങ്കുവയ്ക്കാനും അവസരമൊരുക്കുന്നുണ്ട്. അര്‍ഷുല്‍ അഹമ്മദിനോടൊപ്പം അഡ്വ. അനീര്‍ ബാബു പെരിഞ്ചീരി, മൊയ്തീന്‍ കുട്ടി തെന്നല, സി.പി മുസ്തഫ, അലവിക്കുട്ടി ഒളവട്ടൂര്‍, അബ്ദുസമദ് കൊടിഞ്ഞി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍