ദുരിതജീവിതവുമായി നഴ്സുമാര്‍
Thursday, November 13, 2014 8:02 AM IST
കുവൈറ്റ്: തൊഴില്‍ തട്ടിപ്പിനിരയായി മലയാളികള്‍ ഉള്‍പ്പെടെയുള്ള നഴ്സുമാര്‍ അതീവ ദുരിതത്തില്‍. ലക്ഷങ്ങള്‍ ഏജന്‍സികള്‍ക്ക് നല്‍കി ജീവിതം പടുത്തുയര്‍ത്താന്‍ ഇറങ്ങി പുറപ്പെട്ട ഹതഭാഗ്യരായ 450ഓളം മലയാളി നഴ്സുമാരാണ് തങ്ങളുടെല്ലാത്ത കുറ്റത്തിന് പ്രയാസമനുഭവിക്കുന്നത്.

ഇന്ത്യന്‍ മാനേജ്മെന്റിന് കീഴിലുള്ള കുവൈറ്റിലെ പ്രമുഖ കമ്പനിയുടെ കരാര്‍ കുവൈറ്റ് ആരോഗ്യ മന്ത്രാലയം റദ്ദാക്കിയാതിനെ തുടര്‍ന്നാണ് ഇവരില്‍ പലര്‍ക്കും ജോലി നഷ്ടപ്പെട്ടത്.

കേരളത്തിലെ കോട്ടയം ജില്ലയില്‍ നിന്നുള്ളവരാണ് ഇവരില്‍ ഭൂരിഭാഗവും. കഴിഞ്ഞ പത്ത് വര്‍ഷത്തിലേറയായി ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന തങ്ങളെ കമ്പനിയുടെ കരാര്‍ റദ്ദ് ചെയ്തന്ന സാങ്കേതിക കാരണം പറഞ്ഞ് ഒഴിവാക്കുന്ന സമയത്ത് തന്നെ ഇരുപതും ഇരുപത്തിയഞ്ചും ലക്ഷങ്ങള്‍ കോഴ വാങ്ങികൊണ്ട് ഇതേ കമ്പനിയിലേക്ക് നാട്ടില്‍ നിന്നും ആളുകളെ ഏജന്‍സികള്‍ റിക്രൂട്ട് ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ഇവര്‍ ആരോപിച്ചു.

കഴിഞ്ഞ ഒരു മാസമായി ജോലി ഇല്ലാതെ കഷ്പ്പെടുന്ന തങ്ങളുടെ കാര്യത്തില്‍ കമ്പനിയുടെ ഉത്തരവാദിത്തപ്പെട്ടവര്‍ യാതൊന്നും ചെയ്യുന്നില്ല. അതിനിടെയാണ് താമസിക്കുന്ന ഹോസ്റലില്‍ നിന്നും മാറി താമസിക്കണമെന്ന നിര്‍ദ്ദേശം ഇപ്പോള്‍ അധികൃതര്‍ നല്‍കിയിരിക്കുന്നത്. ഗര്‍ഭിണികള്‍ അടക്കമുള്ള ഇവരില്‍ പലരും കമ്പനിയുടെ അനാസ്ഥ കാരണം ആത്മഹത്യയുടെ വക്കിലാണ് കഴിയുന്നത്. നാട്ടില്‍ നിന്നും താലി മാലയും കിടപ്പാടവുമൊക്കെ ഒക്കെ പണയം വച്ചും ബ്ളേഡില്‍ നിന്നും കടം വാങ്ങിയും ലക്ഷങ്ങള്‍ നല്‍കി കുവൈറ്റിലെത്തിയ തങ്ങളോട് ഉടനെ നാട്ടിലേക്ക് പോകുവാന്‍ കല്‍പ്പിച്ചാല്‍ ജീവിതം അവസാനിപ്പികയല്ലാതെ തങ്ങളുടെ മുന്നില്‍ മറ്റൊരു വഴിയില്ലെന്നാണ് നഴ്സുമാര്‍ പറയുന്നത്. റിലീസ് സര്‍ട്ടിഫിക്കറ്റ് നല്‍കി തങ്ങളെ മറ്റൊരു സ്ഥാപനത്തിലേക്ക് താത്കാലികമായെങ്കിലും മാറ്റണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കുവൈറ്റില്‍ സന്ദര്‍ശനെത്തിയ സാമുഹ്യക്ഷേമ മന്തി എം.കെ മുനീര്‍ ദുരിതങ്ങള്‍ അറിഞ്ഞതിനെ തുടര്‍ന്ന് ഇന്ത്യന്‍ എംബസിയുടെയും അംബാസഡറുടെയും ശ്രദ്ധയില്‍ കൊണ്ടുവന്നതായും വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലുണ്ടാകുമെന്ന് ഉറപ്പ് നല്‍കിയതായും സാമുഹ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍