തന്റെ യാത്രകള്‍ മാനവകുലത്തെ ആദരിക്കാനുള്ള സന്ദേശം: കാന്തപുരം
Wednesday, November 12, 2014 7:22 AM IST
കുവൈറ്റ്: മാനവികതയെ ബഹുമാനിക്കുന്നതിനും സാമുദായിക ഐക്യവും മനുഷ്യസ്നേഹവും ഊട്ടിയുറപ്പിക്കുന്നതിനുമുള്ള സന്ദേശവുമായാണ് കര്‍ണാടക ത്തിലും കേരളത്തിലും തന്റെ നേതൃത്വത്തില്‍ യാത്രകള്‍ സംഘടിപ്പിച്ചതെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍.

കര്‍ണാടക യാത്രക്കുശേഷം കുവൈറ്റില്‍ എത്തിയ കാന്തപുരത്തിന് ഐസിഎഫ് കുവൈറ്റ് നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കര്‍ണാടക മദ്യമുക്തമാക്കുക, ഭൂമിയില്ലാത്തവര്‍ക്ക് കൃഷിഭൂമി നല്‍കുക, സ്വാതന്ത്യ്രസമര നായകനായ ടിപ്പു സുല്‍ത്താന്റെ നാമധേയത്തില്‍ മൈസൂരില്‍ വിമാനത്താവളവും യൂണിവേഴ്സിറ്റിയും സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെടുത്താന്‍ യാത്ര കൊണ്ട് സാധ്യമായെന്ന് കാന്തപുരം കൂട്ടിച്ചേര്‍ത്തു. വര്‍ഗീയ കലാപങ്ങളും അസ്വാരസ്യങ്ങളും നടക്കുന്ന സ്ഥലങ്ങളില്‍ ഹൈന്ദവ സന്യാസിമാരെയും മുസ്ലിം പണ്ഡിതന്മാരെയും നാട്ടുകാരെയും ഒന്നിച്ചിരുത്തി പ്രശ്നങ്ങള്‍ ഉടലെടുക്കുമ്പോള്‍ പരസ്പരം ചര്‍ച്ച ചെയ്തു പരിഹരിക്കാമെന്ന് അവരെക്കൊണ്ട് ഉറപ്പുവരുത്തിക്കാന്‍ സാധ്യമായതും കര്‍ണാടക യാത്രയുടെ നേട്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അബാസിയ കമ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി ഐസിഎഫ് പ്രസിഡന്റ് അബ്ദുള്‍ ഹകീം ദാരിമിയുടെ അധ്യക്ഷതയില്‍ എസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ ജലീല്‍ സഖാഫി ഉദ്ഘാടനം ചെയ്തു.

ഡിസംബറില്‍ നടക്കുന്ന കാരന്തൂര്‍ മര്‍ക്കസിന്റെ സമ്മേളന പരിപാടികള്‍ മര്‍ക്കസ് ഡയറക്ടര്‍ ഡോ. എ.പി. അബ്ദുള്‍ ഹകീം അസ്ഹരി വിശദീകരിച്ചു. കുവൈറ്റി പൌരപ്രധാനി അബൂ സുല്‍ത്താന്‍ സല്‍മാന്‍ ഫൈസല്‍ ദഹ്ശ് അല്‍ അതീര്‍, കെസിഎഫ്. കുവൈറ്റ് പ്രസിഡന്റ് ഹബീബ് കോയ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സയ്യിദ് ഹബീബ് ബുഖാരി പ്രാര്‍ഥന നടത്തി.

കാന്തപുരത്തെ ആദരിച്ചുകൊണ്ട് ഐസിഎഫ്. കുവൈറ്റ് നാഷണല്‍ കമ്മിിറ്റി, ആര്‍എസ്സി കുവൈറ്റ് നാഷണല്‍ കമ്മിറ്റി ഐസിഎഫ്. ജലീബ് സെന്‍ട്രല്‍ കമ്മിറ്റി, കെസിഎഫ് കുവൈറ്റ് കമ്മിറ്റി, മമനാടി അല്‍ മദീന കുവൈറ്റ് കമ്മിറ്റി, വ്യവസായ പ്രമുഖന്‍ ഐബ്ളാക്ക് എംഡി ആബിദ് തുടങ്ങിയവര്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു. ആര്‍എസ്സി പ്രശ്നോത്തരിയിലെ വിജയിക്കുള്ള സ്വര്‍ണ നാണയം സമ്മാനം ഐസിഎഫ്. സുപ്രീം കൌണ്‍സില്‍ സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി വിതരണം ചെയ്തു. ജനറല്‍ സെക്രട്ടറി അലവി സഖാഫി തെഞ്ചേരി സ്വാഗതവും സെക്രട്ടറി തന്‍വീര്‍ ഉമര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍