സയന്‍സ് ഇന്റര്‍നാഷണല്‍ ഫോറം കുവൈറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു
Monday, November 10, 2014 8:04 AM IST
കുവൈറ്റ്: ഇന്ത്യയിലെ നാഷണല്‍ സയന്‍സ് മൂവ്മെന്റിന്റെ ശാഖ 'സയന്‍സ് ഇന്റര്‍നാഷണല്‍ ഫോറം' (സിഫ്) കുവൈറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു. എംബസിയില്‍ നടന്ന ചടങ്ങ് ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജെയിന്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സുഭാഷിഷ് ഗോല്‍ദാര്‍ ചടങ്ങില്‍ സംബന്ധിച്ചു. മുഖ്യാതിഥിയായിരുന്ന കുവൈറ്റ് ശാസ്ത്രഗവേഷണകേന്ദ്രത്തിലെ മുതിര്‍ന്ന ഗവേഷകനായ ഡോ.അലി അല്‍ ദൊസാരി സദസിനെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചു.

ഗവേഷണകേന്ദ്രത്തിലെ സ്വദേശികളും വിദേശികളുമായ ഗവേഷകര്‍, ഇന്ത്യന്‍ സകൂള്‍ പ്രിന്‍സിപ്പാള്‍, അധ്യാപകര്‍, വ്യവസായ പ്രമുഖര്‍, ഡോക്ടര്‍, എന്‍ജിനിയര്‍, അഭിഭാഷകര്‍ തുടങ്ങി നിരവധി ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്ത പ്രൌഢഗംഭീരമായ ചടങ്ങില്‍ ഭാരതീയ വിദ്യാഭവന്‍ പ്രിന്‍സിപ്പാള്‍ പ്രേംകുമാര്‍ ഗള്‍ഫ് മേലയില്‍ സിഫിന്റെ കഴിഞ്ഞ 10 വര്‍ഷത്തെ പ്രവര്‍ത്തന ശൈലി വിശദീകരിച്ചു. ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന 'ശാസ്ര്തപ്രതിഭ' മത്സര പരീക്ഷ 2015 ജനുവരിയില്‍ നടത്തുവാന്‍ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു. ഉയര്‍ന്ന സ്കോര്‍ നേടുന്ന വിദ്യാര്‍ഥികളെ 'ശാസ്ര്തപ്രതിഭ' പട്ടം നല്‍കി ആദരിക്കും. ഏറ്റവും കൂടുതല്‍ പോയന്റ് നേടി വിജയിക്കുന്ന സകൂളിന് ആചാര്യ ജെ.സി.ബോസ് ശാസ്ര്ത പുരസ്ക്കാരം സമ്മാനിക്കും. യുഎഇ എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ വിവേക് നായര്‍ ആശംസ അറിയിച്ചു. അരുണ്‍ കുമാര്‍ സ്വാഗതവും രശ്മി കൃഷ്ണ കുമാര്‍ നന്ദിയും പറഞ്ഞ ചടങ്ങ് ഡോ. രൂപേഷ് നിയന്ത്രിച്ചു. യുഎഇ എക്സ്ചേഞ്ച് കോര്‍പ്പറേറ്റ് പാര്‍ട്ണറും ഇന്ത്യന്‍സ് ഇന്‍ കുവൈറ്റ് മീഡിയ പാര്‍ട്ണറുമായി സിഫ് കുവൈറ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍