സഹലിന്റെ മരണവാര്‍ത്തയറിഞ്ഞ് വിതുമ്പി എടവണ്ണക്കാര്‍
Thursday, November 6, 2014 11:26 AM IST
റിയാദ്: വ്യാഴാഴ്ച പുലര്‍ച്ചെ തായിഫിനടുത്ത് ദുലമിലുണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞ എടവണ്ണ തച്ചപ്പറമ്പന്‍ അബ്ദുറഹ്മാന്റെ മകന്‍ ടി.പി സഹലി (26)ന്റെ മരണവാര്‍ത്ത സുഹൃത്തുക്കളേയും നാട്ടുകാരേയും ദുഖത്തിലാഴ്ത്തി. മികച്ച ഒരു ഫുട്ബോള്‍ താരമായിരുന്ന സഹല്‍ അപകടത്തില്‍ മരണമടഞ്ഞ മുഹമ്മദ് ഫാറൂഖ്, ആഷിഖ് എന്നിവരോടൊപ്പം ദമാമിലെ ബദര്‍ എഫ്.സി ടീമിലെ അംഗമായിരുന്നു. യാമ്പുവിലെ യാമ്പു എഫ്.സി ടീമിനു വേണ്ടി ജിദ്ദയില്‍ രണ്ടാമത്തെ മത്സരം കളിക്കാനാണ് സഹല്‍ ദമാമില്‍ നിന്നും പോയത്. വണ്ടിയോടിച്ചിരുന്ന താമരശ്ശേരി സ്വദേശി ഷമീര്‍ അടക്കം എല്ലാവരും ഫുട്ബോള്‍ താരങ്ങളാണ്. അപകടം സംഭവിച്ച ടൊയോട്ട പ്രാഡോ കാറിന്റെ പിന്‍സീറ്റിലിരുന്ന സഹല്‍ മറിഞ്ഞ വണ്ടിയില്‍ നിന്നും റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ സഹല്‍ മരണമടഞ്ഞു.

ഒന്നര വര്‍ഷം മുന്‍പാണ് സഹല്‍ ദമാമിലെത്തിയത്. ദമാമിലെ അല്‍ റാഷിദ് കെമിക്കല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന സഹല്‍ രണ്ട് മാസം മുന്‍പാണ് ഭാര്യ മലപ്പുറം കുനിയില്‍ സ്വദേശിനി ഷറീയയെ ദമാമിലേക്ക് സന്ദര്‍ശക വിസയില്‍ കൊണ്ടു വന്നത്. ബി.എ സാമ്പത്തിക ശാസ്ത്ര ബിരുദധാരിയായ സഹല്‍ മുന്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫുട്ബോള്‍ താരമായിരുന്നു. സന്തോഷ് ട്രോഫിക്കുള്ള കേരള ടീം ക്യാമ്പിലും പങ്കെടുത്തിട്ടുണ്ട്.

എടവണ്ണ സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരനായിരുന്ന സഹലിന്റെ പിതാവ് തച്ചപ്പറമ്പന്‍ അബ്ദുറഹ്മാന്‍ സ്റ്റാമ്പ് ശേഖരണത്തിലും പുരാതന വസ്തുക്കളുടെ ശേഖരണത്തിലും പ്രസിദ്ധനാണ്. മാതാവ് ഹാജറ വി.പി. മുത്ത സഹോദരന്‍ അസ്മല്‍ ഷരീഫ് മഞ്ചേരി മുന്‍സിപ്പാലിറ്റി ഉദ്യോഗസ്ഥനും രണ്ടാമത്തെ സഹോദരന്‍ ഫവാസ് ഖത്തറിലുമാണ്. പൂക്കോട്ടുംപാടം സ്വദേശി കണ്ണങ്കുളവന്‍ ഇര്‍ശാദ് ആണ് ഏക സഹോദരി ഷബാനയുടെ ഭര്‍ത്താവ്.

അപകട വാര്‍ത്തയറിഞ്ഞ് സഹപ്രവര്‍ത്തകരും നാട്ടുകാരും ബന്ധുക്കളും ദുലമിലെത്തിയിട്ടുണ്ട്. സഹലിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോവുകയാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. സഹലിന്റെ മരണവാര്‍ത്ത ഇതു വരെ ദമാമിലുള്ള ഭാര്യ ഷറീയ അറിഞ്ഞിട്ടില്ല.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍