വിമാന ജനല്‍ സ്ഥാനത്ത് സ്മാര്‍ട്ട് സ്ക്രീനുകള്‍ വരുന്നു
Wednesday, October 29, 2014 8:07 AM IST
ഫ്രാങ്ക്ഫര്‍ട്ട്: താമസിയാതെ വിമാനത്തിന്റെ ജനലിന്റെ സ്ഥാനത്ത് സ്മാര്‍ട്ട് സ്ക്രീനുകള്‍ വരുന്നു. ഇംഗ്ളണ്ടിലെ ദി സെന്റര്‍ ഫോര്‍ പ്രോസസ് ഇന്നവേഷന്‍ എന്ന കമ്പനിയാണ് വിമാന ജനലുകള്‍ സ്മാര്‍ട്ട് സ്ക്രീനുകള്‍ ആക്കാമെന്ന ആശയം അവതരിപ്പിച്ചത്.

വിമാനയാത്രക്കിടയില്‍ ജനലിനരികില്‍ നിന്നുള്ള കാഴ്ചകള്‍ മനോഹരമാണ്. എന്നാല്‍ താമസിയാതെ വിമാനങ്ങളുടെ ജനലുകള്‍ക്ക് പകരം സുതാര്യമായ സ്മാര്‍ട്ട് സ്ക്രീനുകളാകും വിമാനങ്ങളുടെ ഇരുവശങ്ങളിലും വരിക. അതായത് സ്മാര്‍ട്ട് സ്ക്രീനിലൂടെ പുറത്തെ കാഴ്ചകള്‍ കാണാനും സ്ക്രീനില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാനുള്ള സൌകര്യം വരുമെന്നര്‍ഥം.

അടുത്ത ജനറേഷന്‍ യാത്രാ വിമാനങ്ങളില്‍ ജനലുകള്‍ക്ക്് പകരം സ്മാര്‍ട്ട് സ്ക്രീനുകള്‍ ഉണ്ടാക്കാമെന്ന് ഇംഗ്ളണ്ടിലെ ദ സെന്റര്‍ ഫോര്‍ പ്രോസസ് ഇന്നവേഷന്‍ കമ്പനി പറയുന്നു. വിമാനത്തിന്റെ എക്സ്റീരിയര്‍ കാമറയില്‍ നിന്നുള്ള ദൃശ്യങ്ങളും ഈ സ്മാര്‍ട്ട് സക്രീനിലൂടെ കാണാന്‍ സാധിക്കും. സ്മാര്‍ട്ട് സ്ക്രീനുകള്‍ ഉണ്ടാക്കുന്നതിലൂടെ വിമാനങ്ങളുടെ ഭാരം കുറയ്ക്കാനും അതിലൂടെ ഇന്ധനക്ഷമത കൂട്ടാനുള്ള പരീക്ഷണങ്ങളും സെന്റര്‍ ഫോര്‍ പ്രോസസ് ഇന്നവേഷന്‍ കമ്പനി നടത്തിവരുന്നു.

വിമാനത്തിന്റെ ഭാരം ഒരു ശതമാനം കുറയ്ക്കാനായാല്‍ ഇന്ധന ഉപയോഗം 0.75 ശതമാനം കുറയ്ക്കാന്‍ സാധിക്കും. ഇന്ധനക്ഷമത കൂടുകയും ചെലവ് കുറയ്ക്കാനും സാധിച്ചാല്‍ വിമാന ടിക്കറ്റ് നിരക്ക് ഉള്‍പ്പെടെ യാത്രാ ചെലവുകള്‍ വിമാന കമ്പനികള്‍ക്ക് കുറയ്ക്കാന്‍ കഴിയും.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍