'യവനിക' കൂട്ടായ്മയുടെ ഔപചാരികമായ ഉദ്ഘാടനം ഒക്ടോബര്‍ 24 ന്
Wednesday, October 22, 2014 7:33 AM IST
ജിദ്ദ: ജിദ്ദയിലെ കലാകാരന്മാരുടെ ഒത്തുചേരലിനു ഒരു വേദി ഒരുങ്ങുന്നു. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ജിദ്ദയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന 'യവനിക' എന്ന കലാകാരന്മാരുടെ കൂട്ടായ്മയുടെ ഔപചാരികമായ ഉദ്ഘാടനം ഒക്ടോബര്‍ 24 ന് (വെള്ളി) രാത്രി 8.30 ന് ഹംദാനിയിലെ വില്ലയില്‍ പ്രശസ്ത ഗായകന്‍ മിര്‍സാ ഷരീഫ് നിര്‍വഹിക്കും.

ദീര്‍ഘകാലമായി ജിദ്ദയില്‍ കലാകാരന്മാര്‍ക്ക് ഒരു കൂട്ടായ്മ ആവശ്യമാണെന്നുള്ള ചിന്തയുടെ അടിസ്ഥാനത്തില്‍ ഏതാനും കലാകാരന്മാര്‍ ചേര്‍ന്നു 2013 ഒക്ടോബറില്‍ രൂപം നല്‍കിയ 'യവനിക' എല്ലാ കലാകാരന്മാരെയും ഉള്‍കൊണ്ട് കലകളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുക എന്ന അതിന്റെ സ്ഥാപക ഉദ്ദേശത്തിനു അനുരൂപമായി അക്ഷീണം പ്രവര്‍ത്തിച്ചു വരികയാണ്. ഒന്നിന്റെയും വേലിക്കെട്ടുകള്‍ ഇല്ലാതെ കലാകാരന്മാര്‍ക്ക് ഒത്തുചേരാന്‍ ഒരു കൂട്ടായ്മ, പ്രവാസജീവിതത്തില്‍ അവസരങ്ങള്‍ നഷ്ടപ്പെട്ട നല്ല കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാനും സര്‍ഗാത്മക കഴിവുകള്‍ പ്രകടിപ്പിക്കാനും ഒരു വേദി, യുവതലമുറയ്ക്ക് കലാലോകത്തേക്ക് ചുവടു വയ്ക്കാനും അവ അഭ്യസിക്കാനുമുള്ള ഒരു കളരി, എല്ലാത്തിനും ഉപരി നല്ല കലാസാക്ഷാത്കാരത്തിനുവേണ്ടി എല്ലാവരുടെയും ഒന്നിച്ചുള്ള ഒരു പ്രവര്‍ത്തനം ഇതൊക്കെയാണു സംഘടനയുടെ പ്രവര്‍ത്തന ലക്ഷ്യം.

സംഘടനയുടെ ഉദ്ഘാടനത്തോടു അനുബന്ധിച്ച് 'യവനിക' യിലെ കലാകാരന്മാര്‍ അണിയിച്ചൊരുക്കുന്ന പ്രഥമകലാസംരഭം 'നായകന്‍' എന്ന നാടകം അവിടെ അരങ്ങേറുന്നു. ഇന്നത്തെ യുവതലമുറ മൂല്യച്യുതി ബാധിച്ച് ദിശാബോധം നഷ്ടപ്പെട്ട് അലയുന്നതിനിടയില്‍ അവര്‍ക്ക് വഴികാട്ടിയായി ഒരു നായകനെ തെരഞ്ഞെടുക്കാന്‍ പോലും സാധിക്കാതെ വികലമായ ചില അനുകരണങ്ങളെ കണ്െടത്തുന്നതിന്റെ അപകടത്തിലേക്ക് വിരല്‍ ചൂണ്ടുന്ന ഒരു നാടക ആവിഷ്കാരം ആണു നായകന്‍. ജിദ്ദയിലെ മലയാളികള്‍ക്ക് ആസ്വാദനത്തിന്റെ പുത്തന്‍ വാതായനങ്ങളെ തുറന്നു നല്‍കുന്നതായിരിക്കും ഈ നാടകം.

കലകളുടെ പ്രോത്സാഹനത്തിനും വളര്‍ച്ചയ്ക്കും യവനികയിലൂടെ ശ്രമിക്കുന്നതിനോടൊപ്പം, മറ്റ് സംഘടനകള്‍ക്ക് പ്രോഗ്രാം ചെയ്തു നല്‍കുന്നതിനും യവനിക തയാറാകുന്നതാണെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

യവനിക പ്രസിഡന്റ് അനില്‍ നൂറനാട്, രക്ഷാധികാരി വര്‍ഗീസ് ഡാനിയേല്‍, സെക്രട്ടറി പ്രണവം ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ സന്തോഷ് നായര്‍, പിആര്‍ഒ മനോജ് മാത്യു അടൂര്‍ എന്നിവര്‍ പങ്കെടുത്തു. ജോര്‍ജ് വര്‍ഗീസ് (ജോ. സെക്രട്ടറി), അജിത് നീര്‍വിളാകന്‍, ഉല്ലാസ്, റോബിന്‍ കുര്യന്‍, ബാവ രാമപുരം, ആര്‍ട്ടിസ്റ് അജയ കുമാര്‍ (കമ്മിറ്റി അംഗങ്ങള്‍) എന്നിവരാണു യവനികയുടെ മറ്റ് ഭാരവാഹികള്‍.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍