ഒഐസിസി കോഴിക്കോട് ജില്ലാ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 30 ന്
Wednesday, October 22, 2014 7:30 AM IST
കുവൈറ്റ്: ഒഐസിസി കുവൈറ്റ്, കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 30ന് (വ്യാഴം) വൈകുന്നേരം ആറിന് ഖൈത്താന്‍ ഇന്ത്യന്‍ കമ്യുണിറ്റി സ്കുളില്‍ തയാറാക്കിയ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് നഗറില്‍ നടക്കും.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മുന്‍നിര പോരാളിയും യുവ വാഗ്മിയുമായ കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. ടി. സിദ്ദിക്ക് ഉദ്ഘാടനം നിര്‍വഹിക്കും. രണ്ടാം ഘട്ട മെംബര്‍ഷിപ് വിതരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഒഐസിസി കുവൈറ്റ് പ്രസിഡന്റ് വര്‍ഗീസ് പുതുകുളങ്ങര നിര്‍വഹിക്കും. ഒഐസിസി കുവൈറ്റ് കോഴിക്കോട് ജില്ലാ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ സമാരംഭവും തദവസരത്തില്‍ നടക്കും.

കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.സി അബു, ഒഐസിസി ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍ എന്നിവര്‍ ടെലഫോണിലൂടെ സദസിനെ അഭിസംബോധന ചെയ്യും.

സ്വാതന്ത്യ്ര സമര സേനാനി മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിനെ അനുസ്മരിക്കുന്ന വേദിയില്‍ ഒഐസിസിയുടെ നാഷണല്‍ ഗ്ളോബല്‍ തലത്തിലുള്ള നേതാക്കള്‍ സംബന്ധിക്കും.

പരിപാടി വന്‍ വിജയമാക്കാന്‍ സമാന ചിന്താഗതിക്കാരായ മുഴുവന്‍ ആളുകളുടെയും സഹകരണവും പങ്കാളിത്തവും അഭ്യര്‍ഥിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. കണ്‍വന്‍ഷന്റെ വിജയത്തിനായി വിവിധ സബ് കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍