നവോദയ ജിദ്ദ കേന്ദ്ര സമ്മേളന സ്വാഗതസംഘം രൂപീകരിച്ചു
Wednesday, October 22, 2014 7:28 AM IST
ജിദ്ദ: കാല്‍ നൂറ്റാണ്ട് പിന്നിട്ട ജിദ്ദ നവോദയയുടെ കേന്ദ്ര സമ്മേളനം ഡിസംബര്‍ അവസാനവാരം നടത്തുന്നതിലേക്ക് സ്വാഗതസംഘം രൂപീകരിച്ചു.

പ്രവാസി വോട്ടവകാശം പടിവാതിക്കലെത്തിനില്‍ക്കേ മറ്റു നിരവധി വിഷയങ്ങളായ വിമാനയാത്രകൂലി നിരക്ക്, മടങ്ങി പോകുന്നവരുടെ പുനരധിവാസം, എമിഗ്രേഷന്‍ ഫീസ് ഇനത്തിലെ തുക പ്രവാസികള്‍ക്കനുകൂലമായി വിനിയോഗിക്കല്‍ തുടങ്ങി കാലാകാലങ്ങളായി ഉന്നയിച്ചു പോരുന്ന വിഷയങ്ങള്‍ സജീവ് ചര്‍ച്ചക്ക് വിധേയമാക്കുകയും സ്വന്തം രാജ്യത്ത് സാമൂഹ്യ,രാഷ്ട്രീയ,സാംസ്കാരിക പരിപാടികള്‍ക്ക് പ്രവാസികളുടെ പങ്കു നിര്‍ണയിക്കപ്പെടുകയും അവ അധികാരികളിലേക്ക് എത്തിക്കുന്നതിനും വേണ്ട കൂട്ടായ പ്രവര്‍ത്തനത്തിലേക്ക് ഈ സമ്മേളനം രൂപം കൊടുക്കുന്നതാണ്.

ഒക്ടോബര്‍ ആദ്യവാരം തുടങ്ങിയ യൂണിറ്റു സമ്മേളനങ്ങള്‍ക്ക് സമാപനമാകുകയും നവംബര്‍ ആദ്യവാരത്തോടുകൂടി ഏരിയ സമ്മേളനങ്ങള്‍ക്ക് സമാരംഭമാവുകയുമാണ്. ഈ സമ്മേളനങ്ങളുടെ സമാപനമെന്നോണമാണ് കേന്ദ്ര സമ്മേളനം നടക്കുന്നത്. സമ്മേളനത്തിന്റെ വിജയത്തിനുവേണ്ടി വി.കെ റൌഫ് ചെയര്‍മാനും ഷിബു തിരുവനന്തപുരം വൈസ് ചെയര്‍മാനും നവാസ് വെമ്പായം ജനറല്‍ കണ്‍വീനര്‍, അബ്ദുറഹ്മാന്‍ വണ്ടൂര്‍, ശ്രീകുമാര്‍ മാവേലിക്കര എന്നിവര്‍ ജോയിന്റ് കണ്‍വീനരുമാരായും സലാഹുദ്ദീന്‍ ട്രഷററുമായി 60 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് രൂപം നല്‍കി. വരും നാളുകളില്‍ സമ്മേളന വിജയത്തിനുവേണ്ടി സബ് കമ്മിറ്റിക്ക് രൂപം നല്‍കി. അബ്ദുള്ള മുല്ലപ്പള്ളി (ലോജിസ്റിക്സ്), സലാഹുദ്ദീന്‍ (ഫിനാന്‍സ്), മജീദ് കോഴിക്കോട് (ഫുഡ്), അബ്ദുറഹ്മാന്‍ വണ്ടൂര്‍ (മീഡിയ), ഫിറോസ് മുഴപ്പിലങ്ങാട് (വോളന്റിയര്‍), ബഷീര്‍ അരിപ്ര (ട്രാന്‍സ്പോര്‍ട്ടേഷന്‍). സമ്മേളനാനന്തരം നവോദയയുടെ വിവിധ ഉപസമിതികള്‍ അവതരിപ്പിക്കുന്ന സാംസ്കാരിക പരിപാടികള്‍ നടത്താനും തീരുമാനിച്ചു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍