സബ്സിഡികള്‍ വെട്ടി കുറയ്ക്കുന്നു
Monday, October 20, 2014 6:47 AM IST
കുവൈറ്റ് : ഡീസല്‍, മണ്ണെണ്ണ, വിമാന ഇന്ധനം എന്നിവയുടെ സബ്സിഡി ഒഴിവാക്കാന്‍ സര്‍ക്കാരും ആസൂത്രണ കൌണ്‍സിലും സംയുക്തമായി തീരുമാനിച്ചു. ഇതുപ്രകാരം ഡീസലിനും മണ്ണെണ്ണയ്ക്കും 55 ഫീല്‍സില്‍ നിന്നും 170 ആയി വര്‍ധിക്കും. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ നിലനിര്‍ത്താന്‍ രാജ്യന്തര നാണയനിധിയുടെ അഭിപ്രായ പ്രകാരമാണ് അവശ്യസാധനങ്ങളുടെ സബ്സിഡി നിര്‍ത്തലാക്കുന്നത്.

വിമാന ഇന്ധന സബ്സിഡി ഒഴിവാക്കുന്നത് വിദേശ വിമാനകമ്പനികളെയും ബാധിക്കും. പെട്രോള്‍, പാചകവാതകം, വെള്ളം, വൈദ്യുതി എന്നിവയുടെ സബ്സിഡി നിര്‍ത്തലാക്കുന്നതിനെ പറ്റിയുള്ള തീരുമാനം എടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ ഇന്ധനങ്ങളുടെ വിലവര്‍ധനവ് നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ വിലവര്‍ധനവിനു കാരണമായേക്കാം എന്നാണ് നിഗമനം.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍