പ്രവാസി സാംസ്കാരിക വേദി സൌദി ഘടകം രൂപീകരിച്ചു
Monday, October 13, 2014 7:32 AM IST
റിയാദ്: സൌദിയില്‍ പ്രവാസി സാംസ്കാരിക വേദി പ്രവര്‍ത്തനമാരംഭിച്ചു. റിയാദിലെ നൂര്‍ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ കേരള ഘടകം പ്രസിഡന്റ് ഹമീദ് വാണിയമ്പലം പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു.

പ്രതിവര്‍ഷം 60,000 കോടി രൂപ നാട്ടിലെത്തിക്കുകയും ഇന്ത്യന്‍ സാമ്പത്തികാവസ്ഥയുടെ നെടുംതൂണായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രവാസി സമൂഹത്തോട് കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്ന അവഗണനയുടെ ഭാഗമാണ് പ്രവാസികാര്യം വിദേശ വകുപ്പിനോട് ചേര്‍ത്ത നടപടിയെന്ന് അദ്ദേഹം പറഞ്ഞു. വകുപ്പ് പുനഃസ്ഥാപിച്ച് പ്രത്യേകം മന്ത്രിയെ നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണം. ഇന്ത്യന്‍ പൌരന്‍ അന്യരാജ്യത്ത് അറസ്റ് ചെയ്യപ്പെട്ടാല്‍ അവിടത്തെ എംബസി വിവരം അറിയാതിരിക്കുന്ന സാഹചര്യം അദ്ഭുതകരാണ്. ഇത് പരിഹരിക്കുന്നതിന് 1983 ലെ ഇന്ത്യന്‍ എമിഗ്രേഷന്‍ ആക്ട് പരിഷ്കരിച്ച് പ്രവാസി സൌഹൃദ നിയമം നടപ്പാക്കാക്കണം.

പുതിയ സംഘടനയുടെ ലോഗോ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കെ. അംബുജാക്ഷന്‍ പ്രകാശനം ചെയ്തു. പൌരന്‍മാര്‍ക്ക് തുല്യനീതിയും അവസര സമത്വവും ഉറപ്പുവരുത്തേണ്ടവര്‍ കടമ വിസ്മരിച്ചിടത്തുനിന്നാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ദൌത്യം തുടങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പ്രവാസി സാംസ്കാരിക വേദി റിയാദ് സെന്‍ട്രല്‍ അഡ്ഹോക് കമ്മിറ്റി പ്രസിഡന്റ് സാജു ജോര്‍ജ് അധ്യക്ഷത വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കെ. അംബുജാക്ഷന്‍, നോര്‍ക്ക സൌദി കണ്‍സള്‍ട്ടന്റ് ശിഹാബ് കൊട്ടുകാട്, ക്ളിക്കോണ്‍ എം.ഡി നാസര്‍ അബുബക്കര്‍, റിയാദ് മീഡിയ ഫോറം പ്രസിഡന്റ് ബഷീര്‍ പാങ്ങോട്, സാമൂഹിക പ്രവര്‍ത്തകരായ ഷീബ രാജു ഫിലിപ്പ്, റജീനാ റഷീദ്, 'പ്രവാസി' സൌദി കോഓര്‍ഡിനേറ്റര്‍ ഷാജഹാന്‍ തിരുവനന്തപുരം എന്നിവര്‍ പ്രസംഗിച്ചു. വിജയകുമാര്‍, നിബു വര്‍ഗീസ്, ലത്തീഫ് തെച്ചി, ഖാലിദ് റഹ്മാന്‍, ഷാജി മാത്തുണ്ണി, യു.വി. സുബൈദ എന്നിവരടങ്ങിയ പ്രസീഡിയം യോഗനടപടികള്‍ നിയന്ത്രിച്ചു. പ്രവാസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ റഹ്മത്ത് തിരുത്തിയാട് സ്വാഗതവും പ്രോഗ്രാം ജന.കണ്‍വീനര്‍ സലീം മാഹി നന്ദിയും പറഞ്ഞു. അഷ്റഫ് കൊടിഞ്ഞി, ശൈലേഷ് മാസ്റ്റര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആവിഷ്കരിച്ച കലാ,സാംസ്കാരിക പരിപാടികള്‍ സദസിനെ ആകര്‍ഷിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍