കിഴക്കന്‍ പ്രവിശ്യ തര്‍ഹീലില്‍ നിന്നും മലയാളികളുള്‍പ്പെടെ 58 ഇന്ത്യക്കാര്‍ നാട്ടിലേക്ക് യാത്രയായി
Tuesday, October 7, 2014 8:17 AM IST
ദമാം: സ്വന്തം സ്പോണ്‍സറിന് കീഴിലല്ലാതെ ഫ്രീ വീസക്കാരായി മറ്റു സ്പോണ്‍സറിന് കീഴില്‍ ജോലി ചെയ്യല്‍, ഹൌസ് ഡ്രൈവര്‍ വീസകളിലെത്തി മറ്റ് തൊഴിലുളുകളില്‍ ഏര്‍പ്പെടല്‍, തൊഴില്‍ പെര്‍മിറ്റില്‍ രേഖപ്പെടുത്തിയതിന് വിരുദ്ധമായി മറ്റ് ജാാേലികള്‍ ചെയ്യല്‍, സ്പോണ്‍സറില്‍ നിന്നും ഒളിച്ചോടിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവര്‍ തുടങ്ങി വിവിധ ഇഖാമ, തൊഴില്‍ നിയമ ലംഘനങ്ങള്‍ക്ക് പിടിക്കപെട്ട് തര്‍ഹീലില്‍ കഴിഞ്ഞവരെയാണ് കഴിഞ്ഞ ദിവസം മുംബൈയിലേക്കുള്ള സൌദി വിമാനത്തില്‍ ജവാസാത്ത് വകുപ്പ് നാടുകടത്തിയത്.

നാടു കടത്തപെട്ടവരില്‍ ഏഴു മലയാളികളുണ്ട്. തമിഴ്നാട്, ആന്ത്രപ്രദേശ് കര്‍ണാടക, ഉത്തര്‍ പ്രദേശ,് ബീഹാര്‍, തുടങ്ങിയ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ബാക്കിയുള്ളവര്‍. നാലുമാസമായി തര്‍ഹീലില്‍ കഴിയുന്നവരും പെരുന്നാള്‍ അവധി ദിവസങ്ങളില്‍ പിടിക്കപെട്ട് ചുരുങ്ങിയ ദിവസങ്ങള്‍ മാത്രം തര്‍ഹീലില്‍ കഴിഞ്ഞവരും ഇന്നലെ കയറ്റിവിടപെട്ടവരില്‍ ഉള്‍പ്പെടും.

42 പേരാണ് കിഴക്കന്‍ പ്രവിശ്യയിലെ ഇന്ത്യന്‍ സെല്ലില്‍ ഇനി നാട്ടിലെത്താന്‍ കാത്ത് കഴിയുന്നവര്‍. ബീഹാര്‍, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും രണ്ടു പേര്‍ മാസങ്ങളായി തര്‍ഹീലില്‍ കഴിയുന്നതായി കണ്െടത്തി. ഇന്ത്യന്‍ എമ്പസിയില്‍ നിന്നും ഇവര്‍ക്കുള്ള ഔട്ട് പാസ് ലഭിക്കാത്തതാണ് കാരണം. ഔട്ട് പാസ് ലഭിക്കുന്നതിനായി പാസ്പോര്‍ട്ട് പകര്‍പ്പോ, പാസ്പോര്‍ട്ട് നമ്പറോ എംബസിക്ക് നല്‍കാന്‍ കഴിയാത്തതാണ് ഇവര്‍ ദീര്‍ഘനാളായി തുടരാന്‍ കാരണം. ഇന്ത്യന്‍ പൌരനെന്ന് ബോധ്യപ്പെടുത്തുന്ന റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് രേഖ സമര്‍പിച്ചാല്‍ ഇന്ത്യന്‍ എംബസി ഔട്ട് പാസ് അനുവദിച്ചിരുന്നെങ്കിലും കേന്ദ്ര ഗവര്‍മെന്റിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഈ സേവനം എംബസി നിര്‍ത്തിവയ്ക്കുകയായിരുന്നു. വിവിധ കേസുകളില്‍ കുടുങ്ങി രാജ്യം വിടുന്നതിന് നിരോധനമുള്ള മത്ലുബാക്കപ്പെട്ടവരും മാസങ്ങളായി തര്‍ഹീലില്‍ കഴിയേണ്ടി വരുന്നു.

എക്സിറ്റിന് പകരം മുറഹില്‍ (നാടുകടത്തപെട്ടവര്‍) വീസയിലാണ് ഇവരെ സൌദി എയര്‍ ലൈന്‍സ് വിമാനത്തില്‍ കയറ്റിവിട്ടത്. ഇവരുടെ വിവരങ്ങള്‍ സൌദി ദേശീയ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ രേഖപ്പെടുത്തിയതിനാല്‍ ഇവര്‍ക്ക് സൌദിയിലേക്ക് പ്രവേശന നിരോധനമുണ്ടാവും. സെല്‍ ഇന്‍ചാര്‍ജ് ഉദ്യോഗസ്ഥനായ മുഹമ്മ്ദ് ബിദാ അല്‍ ഹാജിരിയാണ് നടപടി ക്രമങ്ങള്‍ക്ക് നേതൃത്വം വഹിച്ചത്. സാമുഹ്യ പ്രവര്‍ത്തകനായ നാസ് വക്കം ഇവരെ യാത്രയക്കുന്നതിന് തര്‍ഹീലിലെത്തിയിരുന്നു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം