ഫിനാന്‍ഷ്യല്‍ സര്‍വീസ് ഓഫ് ദി ഇയര്‍ പുരസ്കാരം ലുലു എക്സ്ചേഞ്ചിന്
Wednesday, October 1, 2014 6:30 AM IST
കുവൈറ്റ്: കുവൈറ്റിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ ലുലു എക്സ്ചേഞ്ചിന് അറേബ്യന്‍ ബിസിനസ് കുവൈറ്റ് അവാര്‍ഡ്, 2014 ലെ 'ഫിനാന്‍ഷ്യല്‍ സര്‍വീസ് ഓഫ് ദി ഇയര്‍' പുരസ്കാരം ലഭിച്ചു.

എല്ലാവര്‍ഷവും വ്യക്തിപരമായ മികവിനും കോര്‍പ്പറേറ്റ് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അംഗീകാരം നല്‍കുന്ന ഫിനാന്‍ഷ്യല്‍ സര്‍വീസ് ഓഫ് ദി ഇയര്‍ പുരസ്കാരം ഐടിപി പബ്ളിക്കേഷന്റെ അറേബ്യന്‍ ബിസിനസ് മാഗസിനാണ് സംഘടിപ്പിച്ചത്.

ധനവിനിമയ രംഗത്തെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ഏകസ്വരത്തിലാണ് ലുലു എക്സ്ചേഞ്ചിനെ തെരഞ്ഞെടുത്തിട്ടുള്ളത്. തിങ്കളാഴ്ച വൈകുന്നേരം ക്രൌണ്‍ പ്ളാസ ഹോട്ടലിലാണ് പുരസ്കാരദാനചടങ്ങ്. ധനവിനിമയ മേഖലയിലെ കമ്പനിയുടെ ഘട്ടംഘട്ടമായ വളര്‍ച്ചയും മികച്ച സാമ്പത്തിക സേവനങ്ങളുമാണ് ലുലു എക്സ്ചേഞ്ചിനെ ഫിനാന്‍ഷ്യല്‍ സര്‍വീസ് ഓഫ് ദി ഇയര്‍ എന്ന പുരസ്കാര ലബ്ദിയിലേക്ക് ഉയര്‍ത്തിയത്.

വിദേശ കറന്‍സി വിനിമയവും പണമയക്കല്‍ സേവനങ്ങളുമെല്ലാം ഇതിലുള്‍പ്പെടും. ഞങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുന്ന സുരക്ഷിതമായ സേവനങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണ് ഈ പുരസ്കാരം. ഉയര്‍ന്ന നിലവാരം കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മനസിലാക്കി മൂല്യാധിഷ്ടിതമായ സേവനങ്ങള്‍ ലഭ്യമാക്കാന്‍ കമ്പനി ശ്രമിക്കാറുണ്ട്. ലുലു എക്സ്ചേഞ്ച് സിഇഒ ആയ അദീബ് അഹമ്മദ് പുരസ്കാരം ലഭിച്ച സന്തോഷം പങ്കുവച്ചുകൊണ്ട് അഭിപ്രായപ്പെട്ടു. ജീവനക്കാരുടെ തൊഴില്‍ വൈശിഷ്ട്യവും ഉപഭോക്താക്കള്‍ക്ക് നല്‍കിവരുന്ന ഏറ്റവും സുതാര്യവും സുരക്ഷിതവുമായ ധനവിനിമയ സേവനങ്ങളും കമ്പനിയുടെ കോര്‍പ്പറേറ്റ് രംഗങ്ങളിലെ ഉത്തരവാദിത്തവും പ്രവര്‍ത്തനങ്ങളിലെ കണിശതയുമാണ് മറ്റു കമ്പനികളില്‍ നിന്നും ലുലു എക്സ്ചേഞ്ചിനെ വ്യത്യസ്തമാക്കുന്നതെന്ന് സിഇഒ വ്യക്തമാക്കി.

രണ്ടു വര്‍ഷത്തിനകം വ്യത്യസ്ത ഭാഗങ്ങളിലായി പതിനാലോളം ശാഖകള്‍ കുവൈറ്റില്‍ ലുലു എക്സ്ചേഞ്ചിനുണ്ട്. ജനങ്ങള്‍ നല്‍കിയ സ്വീകാര്യതയാണ് കമ്പനിക്ക് ഇത്തരത്തിലൊരു വളര്‍ച്ച നേടാന്‍ സഹായകരമായത്. ലുലു എക്സ്ചേഞ്ചിനു പുറമേ 'അല്‍ഷായ' മികച്ച റീട്ടെയില്‍ കമ്പനി, 'ബൌബ്യന്‍ ബാങ്ക്', മികച്ച ഇസ്ലാമിക് ബാങ്ക്, 'സെയിന്‍' മികച്ച ടെലികോം കമ്പനി, 'അജിലിറ്റി' മികച്ച ലോജിസ്റിക് കമ്പനി എന്നിവയും അറേബ്യന്‍ ബിസിനസ് കുവൈറ്റ് അവാര്‍ഡ് 2014 ന്റെ വ്യത്യസ്ത വിഭാഗങ്ങളിലെ പുരസ്കാരത്തിനര്‍ഹമായി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍