കെഎംസിസിയോടും മുസ്ലിം ലീഗിനോടും കടപ്പാട്: എം.കെ രാഘവന്‍ എംപി
Wednesday, October 1, 2014 5:12 AM IST
റിയാദ്: ജീവകാരുണ്യരംഗത്ത് മുസ്ലിംലീഗ് സംഘടിപ്പിച്ചുവരുന്ന പ്രവര്‍ത്തനങ്ങള്‍ വിസ്മയകരമാണെന്ന് എം.കെ രാഘവന്‍ എംപി പറഞ്ഞു. മത ജാതി രാഷ്ട്രീയം നോക്കാതെ ആയിരക്കണക്കിന് പാവങ്ങള്‍ക്ക് വീട് നിര്‍മിച്ചുനല്‍കിയും സി.എച്ച് സെന്ററുകള്‍ വഴി സൌജന്യ മരുന്നു, ഭക്ഷണ വിതരണം നടത്തിയും സൌജന്യ കിണര്‍, കുടിവെള്ള പദ്ധതികള്‍ നടപ്പാക്കിയും വിദ്യാഭ്യാസ സഹായങ്ങള്‍ നല്‍കിയും മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കാകെ മാതൃകയാവുകയാണെന്ന് എം.കെ രാഘവന്‍ പറഞ്ഞു. ബത്ഹ റമാദ് ഓഡിറ്റോറിയത്തില്‍ കോഴിക്കോട് ജില്ല കെ.എം.സി.സി സംഘടിപ്പിച്ച സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ സത്യസന്ധതയിലും പ്രവര്‍ത്തനമികവിലും മുസ്ലിംലീഗ് മാതൃകാപരമാണ്. തന്റെ വിജയത്തിന് താന്‍ ഒന്നാമതായി കടപ്പെട്ടത് മുസ്ലിംലീഗിനോടാണെന്നും 1999ല്‍ ജയിച്ച് പോളിങ് സ്റേഷനില്‍ നിന്നിറങ്ങിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് ആദ്യം പറഞ്ഞത് ഈ വിജയം മുസ്ലിംലീഗിന് സമര്‍പ്പിക്കുന്നുവെന്നായിരുണെന്നും രാഘവന്‍ അനുസ്മരിച്ചു. കെ.എം.സി.സി തന്റെ വലതുകണ്ണായും ഒ.ഐ.സി.സി ഇടതുകണ്ണായുമാണ് താന്‍ കാണുന്നതെന്നും രാഘവന്‍ പറഞ്ഞു.

സൌദി ഭരണകൂടത്തിന്റെ കാരുണ്യം കൊണ്ടാണ് ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് ഇവിടെ തൊഴിലെടുക്കാന്‍ അവസരമാകുന്നതെന്നും അന്നം തരുന്ന കൈകളോട് നന്ദി കാണിക്കണമെന്നും ഈ രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കണമെന്നും എം.കെ രാഘവന്‍ പറഞ്ഞു. ജില്ല കെ.എം.സി.സി പ്രസിഡണ്ട് അബ്ദുനാസര്‍ മാങ്കാവ് അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് കുന്നുമ്മല്‍ കോയ ഉദ്ഘാടനം ചെയ്തു. ചന്ദ്രിക ചീഫ് ഓര്‍ഗനൈസര്‍ ഹമീദ് വാണിമേല്‍, കെ.എം.സി.സി സൌദി നാഷണല്‍ കമ്മിറ്റി സെക്രട്ടറി എസ്.വി അര്‍ശുല്‍അഹമ്മദ്, സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി എം. മൊയ്തീന്‍കോയ, കെ.കെ കോയാമുഹാജി, ഷക്കീബ് കൊളക്കാടന്‍, ബഷീര്‍ മുസ്ലിയാരകത്ത്. പി.പി അബ്ദുല്‍അസീസ്, മുനീര്‍ കോക്കല്ലൂര്‍, അലി എ.ജി.സി, ഉസ്മാനലി പാലത്തിങ്ങല്‍, നവാസ് വെള്ളിമാടുകുന്ന് പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ബഷീര്‍ താമരശ്ശേരി സ്വാഗതവും ട്രഷറര്‍ അബ്ദുല്ല കോട്ടാംപറമ്പ് നന്ദിയും പറഞ്ഞു. ജില്ല കെ.എം.സി.സി ഭാരവാഹികളായ കെ.കെ ഖാദര്‍ എളേറ്റില്‍, ഇസ്മായില്‍ പന്നൂര്‍, ശരീഫ് പാലത്ത്, ശമീര്‍ പറമ്പത്ത്, മസൂദ് കളത്തില്‍, റാശിദ് ദയ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍