ഗള്‍ഫ് മാര്‍ത്തോമ യൂത്ത് കോണ്‍ഫറന്‍സ് ഒക്ടോബര്‍ മൂന്നു മുതല്‍ ഷാര്‍ജയില്‍
Tuesday, September 30, 2014 8:15 AM IST
ദുബായ് : 18-ാമത് ഗള്‍ഫ് മാര്‍ത്തോമ യൂത്ത് കോണ്‍ഫറന്‍സ് ഒക്ടോബര്‍ മൂന്ന് (വെള്ളി) മുതല്‍ അഞ്ചു വരെ ഷാര്‍ജ മാര്‍ത്തോമ പളളിയില്‍ നടക്കും. വെളളിയാഴ്ച രാവിലെ ഒമ്പതിന് ആരംഭിക്കുന്ന സമ്മേളനം ഇന്ത്യന്‍ അംബാസഡര്‍ ടി.പി സീതാറാം ഉദ്ഘാടനം ചെയ്യും. മാര്‍ത്തോമ സഭയുടെ പരമാധ്യക്ഷനും സമ്മേളനത്തിന്റെ രക്ഷാധികാരിയുമായ ഡോ. ജോസഫ് മാര്‍ത്തോമ മെത്രോപോലിത്ത അധ്യക്ഷത വഹിക്കും. മാര്‍ത്തോമ സഭയിലെ ബിഷപ്പുമാരായ ഡോ. തോമസ് മാര്‍ തീത്തോസ്, ജോസഫ് മാര്‍ ബര്‍ണബാസ്, സ്വന്തം വൃക്ക ദാനം ചെയ്തതിലൂടെ ശ്രദ്ധേയനായ ഫാ. ഡേവിഡ് ചിറമേല്‍, വേദ പണ്്ഡിതനായ റവ. ഡോ. ജോസഫ് ഡാനിയേല്‍, പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ജോണ്‍ ബ്രിട്ടാസ് തുടങ്ങിയവര്‍ വിവിധ സമ്മേളനത്തില്‍ പ്രഭാഷണം നടത്തും. പ്രമുഖ വ്യവസായി എം.എ യൂസഫലി സുവനീര്‍ പ്രകാശനകര്‍മം നിര്‍വഹിക്കും.

ഗള്‍ഫ് മേഖലയിലെ 24 മാര്‍ത്തോമ പളളികളില്‍ നിന്നുളള 1500 പ്രതിനിധികളാണ് ഷാര്‍ജയില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കാളികളാകുന്നത്. വര്‍ഷങ്ങളായി ഷാര്‍ജ മാര്‍ത്തോമ യുവജനസഖ്യം നല്‍കി വരുന്ന ഹൃദയശസ്ത്രക്രിയ, വൃക്കരോഗികള്‍ക്കുളള ഡയാലിസിസ്, ഭവനദാന പദ്ധതികള്‍, നേത്ര ചികിത്സ, വിദ്യാഭ്യാസം, വിവാഹം തുടങ്ങിയവയ്ക്കുളള സഹായം എന്നിവ തുടര്‍ന്നും നല്‍കുവാനും തീരുമാനമായി. കൂടാതെ ഫാ. ഡേവിഡ് ചിറമേല്‍ വൃക്കരോഗികള്‍ക്കായി നടത്തിവരുന്ന മാനവകാരുണ്യ യാത്രയുമായി സഹകരിക്കാനും തീരുമാനിച്ചു.

ഒക്ടോബര്‍ നാല്, അഞ്ച് ദിവസങ്ങളില്‍ പ്രഭാഷണം, ചര്‍ച്ചകള്‍, ഗാനാലാപനം, യോഗ ക്ളാസ് എന്നിങ്ങനെ വിവിധ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ ഹ്രസ്വ ചിത്ര മല്‍സരത്തില്‍ വിജയിച്ചവരുടെ ചിത്രങ്ങള്‍ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിക്കും. 'ജീവിതം എന്തിന്' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ വിജയത്തിനായി 16 സബ് കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം നടന്നു വരുന്നു.

ദുബായില്‍ നടന്ന പത്രസമ്മേളനത്തില്‍ ഡോ. തോമസ് മാര്‍ തീത്തോസ് എപ്പിസ്കോപ്പ, പ്രസിഡന്റ് റവ. ഫിലിപ്പ് സി. മാത്യു, വൈസ് പ്രസിഡന്റ് റവ. ഫിലിപ്പ് ജോര്‍ജ്, റവ. റോബി ജേക്കബ് മാത്യു, ജനറല്‍ കണ്‍വീനര്‍ മനോജ് ടി. വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള