ജിദ്ദയില്‍ നിന്നു മലപ്പുറം വരെ ഒരു സാഹസികയാത്ര
Thursday, September 25, 2014 8:52 AM IST
ജിദ്ദ: സൌദി അറേബ്യയില്‍ നിന്ന് വാഹനമോടിച്ച് കേരളത്തിലേക്കൊരു സാഹസിക യാത്ര. സൌദി അറേബ്യയിലെ ജിദ്ദ മുതല്‍ മലപ്പുറം വരെ റോഡു മാര്‍ഗം യാത്രചെയ്യാന്‍ തയാറെടുക്കുകയാണ് ജിദ്ദയിലുള്ള നാല് മലയാളി യുവാക്കള്‍. നാല്‍പത് ദിവസം കൊണ്ട് ഒമ്പത് രാജ്യങ്ങള്‍ കടന്നാണ് ഇവര്‍ സ്വദേശമായ മലപ്പുറത്തെത്തുക.

മലപ്പുറം അങ്ങാടിപുറം വലമ്പൂര്‍ സ്വദേശി അറഫാത്ത് നേതൃത്വം നല്‍കുന്ന യാത്ര സംഘത്തില്‍ കൊണ്േടാട്ടി സ്വദേശി മുജീബുറഹ്മാന്‍ കൊടശേരി, പൂക്കോട്ടൂര്‍ സ്വദേശി അബ്ദുള്‍ നാസര്‍, ചെറുകര സ്വദേശി നാസര്‍ പുന്നശേരി എന്നിവരാണുളത്. ജീവിതത്തില്‍ യാത്രകളെ സ്!നേഹിക്കുകയും നിരവധി യാത്രകളില്‍ പങ്കെടുക്കുകയും ചെയ്ത അനുഭവങ്ങളാണ് ഇങ്ങനെയുള്ള ഒരു സാഹസിക യാത്രക്ക് ഇവരെ പ്രേരിപ്പിച്ചത്. ജിദ്ദയിലെ മലയാളികളുടെ സംഗമ കേന്ദ്രമായ ശറഫിയയില്‍ നിന്നും വ്യാഴാഴ്ച യാത്ര തിരിച്ച സംഘം യുഎഇ, ഇറാന്‍, തുര്‍ക്കിമനിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ചൈന, ടിബറ്റ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങള്‍ വഴി ഇന്ത്യയില്‍ പ്രവേശിക്കും. തുടര്‍ന്ന് അഞ്ച് ദിവസങ്ങള്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ താണ്ടി നവംബര്‍ അഞ്ചിന് മലപ്പുറത്തെത്തുന്ന സംഘത്തെ മന്ത്രിമാരും മറ്റു സാമൂഹ്യ സാസ്കാരിക നേതാക്കളും ചേര്‍ന്ന് സ്വീകരിക്കും.

ഇവര്‍ക്ക് സഞ്ചരിക്കാനുള്ള 2014 മോഡല്‍ ടൊയോട്ട ലക്സസ് കാര്‍ സൌജന്യമായി വിട്ടുനല്‍കി സ്പോണ്‍സര്‍ ഫായിസ് ഉമര്‍ അല്‍സുലമി യാത്രക്ക് പ്രോത്സാഹനം നല്‍കി. യാത്ര സമാപിച്ചാല്‍ കാര്‍ ജിദ്ദയിലേക്ക് കപ്പല്‍ മാര്‍ഗം തിരിച്ചയക്കും.

യാത്രക്ക് വേണ്ടിവരുന്ന ഏകദേശം 15 ലക്ഷം രൂപ സ്വരൂപിച്ചാണ് ഇവര്‍ ഈ സാഹസിക യാത്രക്കായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. യാത്രക്കാവശ്യമായ ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് ലൈസന്‍സ്, കാറിനുള്ള പെര്‍മിറ്റ്, വീസയുള്‍പ്പെടെയുള്ള യാത്രാ രേഖകള്‍ എന്നിവയെല്ലാം തയാറാക്കാന്‍ വളരെ പ്രയാസം നേരിട്ടതായി ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. എങ്കിലും നാലു വര്‍ഷമായി മനസില്‍ താലോലിച്ചുകൊണ്ട് നടക്കുന്ന സ്വപ്നം വൈകിയാണെങ്കിലും യാഥാര്‍ഥ്യമായതിലുള്ള സംതൃപ്തിയിലാണിവര്‍.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍