മനോവൈകല്യമുള്ള മലയാളിയെ നവോദയ പ്രവര്‍ത്തര്‍ നാട്ടിലെത്തിച്ചു
Tuesday, September 23, 2014 7:48 AM IST
റിയാദ്: മനോവൈകല്യം മൂര്‍ഛിച്ച് റിയാദ് നഗര വീഥിയിലൂടെ നഗ്നനായി പരിസരബോധമില്ലാതെ നടന്ന മലയാളിയുടെ സംരക്ഷണം നവോദയ പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് സുരക്ഷിതമായി നാട്ടിലെത്തിച്ചു. തിരുവനന്തപുരം വര്‍ക്കല താഴേ വെട്ടൂര്‍ കടയില്‍ വീട്ടില്‍ സലാം റഷീദ് (30) ആറു മാസം മുമ്പാണ് ലേബര്‍ വീസയില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലിക്കായി റിയാദിലെ എക്സിറ്റ് 7 ല്‍ വന്നത്.

വിശ്രമമില്ലാതെ കൊടുംചൂടില്‍ ജോലി ചെയ്യിച്ചതും ഉറക്കമില്ലായ്മയും മൂലം മാനസികനില തകരാറിലാവുകയായിരുന്നു. 12 വര്‍ഷം മുന്‍പ് നാട്ടില്‍ വച്ച് ഇതേ രീതിയില്‍ അസുഖം ബാധിച്ചിരുന്നെങ്കിലും പേരൂര്‍ക്കട മാനസിക രോഗാശുപത്രയില്‍ ചികിത്സിച്ച് പൂര്‍ണമായും ഭേദമായതാണെന്ന് വീട്ടുകാര്‍ പറഞ്ഞു. നാട്ടില്‍ ഓട്ടോ ഡ്രൈവറായി ജോലി നോക്കവെയാണ് മെച്ചപ്പെട്ട വരുമാനം പ്രതീക്ഷിച്ച് സൌദി അറേബ്യയിലെത്തിയത്. വിവാഹിതനായ സലാം ഒരു കുട്ടിയുടെ പിതാവ് കൂടിയാണ്.

അസുഖം മൂര്‍ഛിച്ചതോടെ കമ്പനി പുറത്താക്കുകയും തെരുവിലൂടെ പൂര്‍ണ നഗ്നനായി അലഞ്ഞുതിരിയാന്‍ തുടങ്ങുകയും ചെയ്തതോടെ പോലീസ് റെഡ് ക്രസന്റിന്റെ സഹായത്തില്‍ അല്‍അമല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാധാരണ നിലയില്‍ വിദേശികള്‍ക്ക് കിടത്തി ചികിത്സ നല്‍കാത്ത ഈ മാനസികാരോഗാശുപത്രി രോഗത്തിന്റെ തീവ്രത പരിഗണിച്ച് ഒരു മാസത്തോളം കിടത്തി ചികിത്സ നല്‍കി. ആശുപത്രി ജീവനക്കാര്‍ വഴി മലയാളിയുടെ അസുഖ വിവരം ഒലയ്യയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന കോവളം സ്വദേശി ഇഖ്ബാല്‍ അറിയുകയും റിയാദ് നവോദയ ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ബാബുജിയെ വിവരം ധരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് നവോദയ പ്രവര്‍ത്തരും ഇഖ്ബാലും ആശുപത്രിയില്‍ ചെന്ന് രോഗിയേയും ഡോക്ടര്‍മാരേയും സന്ദര്‍ശിച്ച് വിവരങ്ങള്‍ ആരാഞ്ഞു. രോഗിയെ നാട്ടിലയക്കുന്നതിന്റെ ഭാഗമായി സലാമിന്റെ സ്പോണ്‍സറെ ബന്ധപ്പെട്ടെങ്കിലും അദ്ദേഹം സഹകരിക്കാന്‍ തയാറായില്ല. താന്‍ സലാമിനെ ഹുറൂബ് ആക്കിയെന്നും 7000 റിയാല്‍ നല്‍കിയാല്‍ പാസ്പോര്‍ട്ട് നല്‍കാമെന്നും അദ്ദേഹം അറിയിച്ചു. പിന്നീട് നവോദയ പ്രവര്‍ത്തകര്‍ ഇന്ത്യന്‍ എംബസിയെ സമീപിച്ച് ഔട്ട്പാസ് ശരിയാക്കി എക്സിറ്റിനുള്ള ശ്രമങ്ങള്‍ തുടരവേ, അസുഖം അല്‍പ്പം ഭേദമായതിനാല്‍ ആശുപത്രി അധികൃതര്‍ ഒരു പാകിസ്ഥാനിയുടെ ടാക്സിയില്‍ 50 റിയാലും നല്‍കി സലാമിനെ ബത്തയിലേക്ക് കയറ്റിവിട്ടു. പാക്കിസ്ഥാനി ഡ്രൈവര്‍ സലാമിനെ ഓള്‍ഡ് സനയ്യയിലെ പെട്രോള്‍ പമ്പിന് മുമ്പില്‍ ഇറക്കിവിടുകയായിരുന്നു. പെട്രോള്‍ സ്റ്റേഷന് അടുത്തുള്ള മലയാളികളായ ബഖാല ജീവനക്കാര്‍ സലാമിന്റെ കൈയില്‍ നിന്നും ടെലഫോണ്‍ നമ്പര്‍ വാങ്ങി നാട്ടിലുള്ള വീട്ടുകാരേയും ഷാര്‍ജയില്‍ ജോലി ചെയ്യുന്ന സഹോദരന്‍ സൈദിനേയും വിവരം അറിയിച്ചു.

ഷാര്‍ജയില്‍ നിന്ന് നവോദയയുമായി വീണ്ടും ബന്ധപ്പെട്ടതിനെ തുടര്‍ന്ന് സലാമിനെ കണ്െടത്തി നവോദയ പ്രവര്‍ത്തകരായ രാജന്‍, ലത്തീഫ്് എന്നിവരുടെ മുറികളില്‍ ഏതാനും ആഴ്ച താമസിപ്പിച്ചു. തുടര്‍ന്ന് തര്‍ഹീലില്‍ നിന്ന് നിയമപരമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് സെപ്റ്റംബര്‍ 20ന് (ശനി) നാട്ടിലേക്ക് അയയ്ക്കുകയായിരുന്നു. നാട്ടിലെത്തിയ സലാമിനെ ബന്ധുക്കള്‍ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി നവോദയയെ അറിയിച്ചു. നവോദയ പ്രവര്‍ത്തകരുടെ ശ്രമഫലമായി നാട്ടിലെത്തിക്കുന്ന നാലാമത്തെ മാനസികരോഗിയാണ് സലാം റഷീദ്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍