സ്നേഹവേദി അല്‍ഖോബാര്‍ ഓണാഘോഷം സംഘടിപ്പിച്ചു
Tuesday, September 23, 2014 4:56 AM IST
ദമാം: സ്നേഹവേദി അല്‍ഖോബാര്‍ ഘടകത്തിനു കീഴില്‍ വിപുലമായ രീതിയില്‍ ഓണം ആഘോഷിച്ചു. അല്‍ഖോബാര്‍ ക്ളാസിക് റസ്ററന്റില്‍ നടന്ന വൈവിധ്യമാര്‍ന്ന പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു.

കള്ളവും ചതിയുമില്ലാത്ത നല്ലൊരു നാളേയ്ക്കായി സമൂഹത്തിലുള്ള മുഴുവന്‍ പേരും ഐക്യത്തോടെ നില്‍ക്കേണ്ടതുണ്െടന്നും ജാതിമതഭേദമന്യേ നന്മക്കായി പരിശ്രമിക്കേണ്ട കാലം അതിക്രമിച്ചുവെന്നും അധ്യക്ഷത വഹിച്ചുകൊണ്ട് സ്നേഹവേദി കണ്‍വീനര്‍ രാജന്‍ തിരുത്തിയില്‍ പറഞ്ഞു.

എക്സിക്യുട്ടീവ് അംഗം മുകേഷ് ഓണസന്ദേശം നല്‍കി. കേവലം ആഘോഷങ്ങള്‍ക്ക് വേണ്ടിയല്ല നീതിയും നന്മയും ആഗ്രഹിക്കുന്നവന്റെ പ്രതികരണമാണ് ഓണാഘോഷമെന്ന് സന്ദേശത്തില്‍ പറഞ്ഞു.

ഭാരവാഹികളായ കൃഷ്ണന്‍ പരമേശ്വരന്‍, എം.കെ. ഷാജഹാന്‍, തനിമ അല്‍ഖോബാര്‍ സോണല്‍ പ്രസിഡന്റ് മുജീബുറഹ്മാന്‍ കോഴിക്കോട്, സാജിദ് ആറാട്ടുപുഴ, റിയാസ് കൊച്ചി, പ്രവാസി സാംസ്കാരിക വേദി കണ്‍വീനര്‍ വിജയകുമാര്‍ എന്നിവര്‍ ആശംസ നേര്‍ന്നു. മുജീബുറഹ്മാന്‍ ആലപ്പുഴ സ്വാഗതം പറഞ്ഞു. തുടര്‍ന്നു നടന്ന കലാപരിപാടകള്‍ക്ക് ജയേഷ് നേതൃത്വം നല്‍കി. രാജു നായിഡുവും സംഘവും അവതരിപ്പിച്ച ഓണപാട്ടോടെ കലാ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.

പരിപാടികള്‍ക്കിടയില്‍ മാവേലിയായി അവതരിച്ച ജേക്കബ് തോമസിന് സദസ് വന്‍വരവേല്‍പ്പ് നല്‍കി. കൈവീശി എല്ലാവര്‍ക്കും ആശംസനേര്‍ന്ന 'മാവേലി' മതസൌഹാര്‍ദ്ദത്തിന്റേയും പരസ്പര സഹകരണത്തിന്റേയും നീതിയുടെയും നല്ല നാളുകള്‍ വരട്ടെയെന്ന് ആശംസിച്ചു. തുടര്‍ന്ന് പ്രശസ്ത ഗായകന്‍ ദിനേശ്, അമീര്‍, മധുമേനോന്‍, അജിത്, കലേഷ്, അന്‍വര്‍, രൂപേഷ് എന്നിവര്‍ അവതരിപ്പിച്ച വ്യത്യസ്ഥ ഗാനങ്ങള്‍ സദസ് ആസ്വദിച്ചു. കുട്ടികളായ നുഹ ഷബീര്‍, ഇബ ഷരീഫ് എന്നിവര്‍ അവതരിപ്പിച്ച ഗാനങ്ങള്‍ സദസ് നിറഞ്ഞ കൈയടികളോടെ ഏറ്റുവാങ്ങി. റൊട്ടി തീറ്റമല്‍സരത്തില്‍ അബ്ദുള്‍ റൌഫ്, സുനില്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിഭവസമൃദ്ധമായ ഓണസദ്യയും നടന്നു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം