ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് കേരള ജൈവ വൈവിധ്യ ബോര്‍ഡിന്റെ സാങ്കേതിക വിദഗ്ധ സമിതിയില്‍
Saturday, September 20, 2014 6:49 AM IST
കുവൈറ്റ് : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ കോല്‍ക്കത്ത ഭദ്രാസനാധിപനും കുവൈറ്റ് ഓര്‍ത്തഡോക്സ് ഇടവകകളുടെ മെത്രാപോലീത്തായുമായ ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസിനെ കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ സാങ്കേതിക വിദ്ഗധ സമിതിയംഗമായി നിയമിച്ചു.

2014 മുതല്‍ മൂന്നു വര്‍ഷത്തേക്കാണ് നിയമനം പരിസ്ഥിതി സംരക്ഷണത്തില്‍ ജൈവ വൈവിധ്യ രജിസ്റര്‍ തയാറാക്കുന്നതില്‍ വിദഗ്ധ പിന്തുണ നല്‍കുന്നു എന്നതും ജൈവ വൈവിധ്യത്തിന്റെ സംരക്ഷണവും ഉപയോഗവും ക്രമമായ പങ്കുവയ്ക്കലും ത്വരിതപ്പെടുത്തുക എന്നതുമാണ് സമിതിയുടെ ലക്ഷ്യം.

കേരള സര്‍വകലാശാലയുടെ പരിസ്ഥിതി ജന്തുശാസ്ത്രവിഭാഗത്തില്‍ വിസിറ്റിംഗ് പ്രഫസറായിരുന്ന മെത്രാപോലീത്താ മലങ്കര സഭയുടെ പരിസ്ഥിതി കമ്മീഷന്‍ വൈസ് പ്രസിഡന്റായും വിവിധ സര്‍വകലാശാലകളുടെ പിഎച്ച്ഡി മൂല്യനിര്‍ണയ സമിതി ചെയര്‍മാനായും പ്രവര്‍ത്തിച്ചുവരുന്നു.

കേരള സര്‍വകലാശാലയില്‍ നിന്ന് പരിസ്ഥിതി ശാസ്ത്രത്തില്‍ പിഎച്ച്ഡി കരസ്ഥമാക്കിയിട്ടുള്ള ഡോ. മാര്‍ ദിവന്നാസിയോസ് ഇതേ വിഷയത്തില്‍ ഗവേഷണ ഗൈഡായും പ്രവര്‍ത്തിക്കുന്നു. മികച്ച കോളജ് അധ്യാപകര്‍ക്കുള്ള 'ബര്‍ക്കുമാന്‍സ്' അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്. 'പരിസ്ഥിതി അധ്യാത്മികത' 'ഹൃദയം പകരുന്ന ആത്മീയത' തുടങ്ങിയ ഗ്രന്ഥങ്ങളും മുപ്പതോളം ഗവേഷണ പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്.