2015 മുതല്‍ കാറുകളില്‍ എമര്‍ജന്‍സി കോള്‍ സംവിധാനം നിര്‍ബന്ധം
Monday, September 15, 2014 9:12 AM IST
ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയനില്‍ ഓടുന്ന എല്ലാ കാറുകളിലും അടുത്ത വര്‍ഷം മുതല്‍ ഇകോള്‍ എന്ന എമര്‍ജന്‍സി ഓട്ടോകോള്‍ സംവിധാനം നിര്‍ബന്ധമാകും. ഇതുവഴി പ്രതിവര്‍ഷം 2500 പേരുടെ ജീവന്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് കണക്കാക്കുന്നത്.

കാര്‍ അപകടത്തില്‍പ്പെട്ടാല്‍ ഓട്ടോമാറ്റിക് ആയി തന്നെ രക്ഷാപ്രവര്‍ത്തകരെ വിവരമറിയിക്കാനുള്ള സംവിധാനമാണ് ഇകോള്‍. സമയത്ത് പ്രഥമ ശുശ്രൂഷ കിട്ടാതിരിക്കുകയും ആശുപത്രിയിലെത്താന്‍ വൈകുകയും ചെയ്യുന്നതാണ് വാഹനാപകടത്തില്‍പ്പെടുന്ന പലരുടെയും മരണത്തിനു കാരണമാകുന്നത്. ഇകോള്‍ വഴി ഇത് ഒഴിവാക്കാം എന്നാണ് കരുതുന്നത്.കണക്ടഡ് ഡ്രൈവ് എന്ന ഓമനപേരില്‍ അറിയപ്പെടുന്ന ഈ സംവിധാനം ജിപിഎസ് സഹായത്തോടുകൂടിയാവും പ്രവര്‍ത്തിക്കുക.

ഇതു നിര്‍ബന്ധമാക്കുന്നതോടെ എല്ലാ കാര്‍ നിര്‍മാതാക്കളും ഇന്‍ബില്‍റ്റ് ആയിത്തന്നെ ഈ സംവിധാനം കാറുകളില്‍ ഉള്‍പ്പെടുത്തണം. നിലവില്‍ ബിഎംഡബ്ള്യു, മെഴ്സിഡസ് എന്നീ കമ്പനികളുടെ തെരഞ്ഞെടുക്കപ്പെട്ട കാറുകളില്‍ ഈ സംവിധാനം ലഭ്യമാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍