റാഷിദിനെ മയക്കു മരുന്ന് പാക്കറ്റ് നല്‍കി ചതിച്ച സംഘത്തിലെ ഒരു യുവാവ് അറസ്റില്‍
Thursday, September 11, 2014 8:01 AM IST
കാഞ്ഞങ്ങാട് : കുവൈറ്റിലെ വിശ്വസ്ത സുഹൃത്തിന്റെ ചതിയില്‍ പെട്ട് മയക്കു മരുന്ന് കേസില്‍ കാഞ്ഞങ്ങാട് മീനാപ്പീസിലെ അബൂബക്കറിന്റെ മകന്‍ ചേലക്കാടത്ത് റാഷിദ് (25) കുടുങ്ങിയ സംഭവവുമായി ബന്ധപ്പെട്ട് റാഷിദിന് മയക്കു മരുന്ന് ഗുളിക അടങ്ങുന്ന പാക്കറ്റ് ഏല്‍പ്പിച്ച പുതിയങ്ങാടി മാട്ടൂലിലെ നസീം മുസ്തഫയെ (26) ഹൊസ്ദുര്‍ഗ് അഡീഷണല്‍ എസ്ഐ കെ.വി സുരേന്ദ്രനും സംഘവും അറസ്റ് ചെയ്തു.

കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് പോലീസില്‍ കീഴടങ്ങിയ നസീം മുസ്തഫയുടെ അറസ്റ് രേഖപ്പെടുത്തുകയായിരുന്നു. മാസത്തില്‍ രണ്ടു തവണ ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരാകണമെന്ന വ്യവസ്ഥയില്‍ നസീം മുസ്തഫയെ ജാമ്യത്തില്‍ വിട്ടു. ഈ കേസില്‍ നസീം മുസ്തഫ കേരള ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.

റാഷിദിന് മയക്കു മരുന്ന് പാക്കറ്റ് നല്‍കി ചതിച്ച സംഭവത്തില്‍ റാഷിദിന്റെ മാതാവ് കുഞ്ഞാസ്യയുടെ പരാതിയനുസരിച്ച് നസീം മുസ്തഫയ്ക്കും പുതിയങ്ങാടി മാട്ടൂല്‍ സ്വദേശി ഫവാസിനുമെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തിരുന്നു.

ഓഗസ്റ് 26 ന് (വ്യാഴം) രാത്രിയാണ് റാഷിദിനെ നാട്ടില്‍ നിന്നുള്ള മടക്ക യാത്രക്കിടെ കുവൈറ്റ് എയര്‍ പോര്‍ട്ടില്‍ ആന്റി നെര്‍ക്കോട്ടിക്ക് വിഭാഗം കസ്റഡിയിലെടുത്തത്. കുവൈറ്റിലേക്ക് മടങ്ങുന്നതിന് മുമ്പ് ഫവാസ്, റാഷിദിനെ ഫോണില്‍ ബന്ധപ്പെടുകയും നാട്ടില്‍ നിന്ന് പിതാവിനുള്ള മരുന്നുള്‍പ്പെടെയുള്ള പാക്കറ്റ് കുവൈറ്റിലേക്ക് എത്തിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ പുതിയങ്ങാടിയിലെ വീട്ടിലേക്കു പോകാന്‍ തനിക്ക് സമയമില്ലെന്നറിയിച്ചപ്പോള്‍ കാഞ്ഞങ്ങാട്ട് തന്റെ സുഹൃത്ത് പാക്കറ്റ് എത്തിച്ചു തരുമെന്ന് ഫവാസ് അറിയിച്ചു.ഇതനുസരിച്ച് റാഷിദും സുഹൃത്ത് മീനാപ്പീസ് സ്വദേശി ജാഫറും മോട്ടോര്‍ ബൈക്കില്‍ കോട്ടച്ചേരി റെയില്‍വേ ഗേറ്റിനടുത്തെത്തുമ്പോഴേക്കും ഫവാസിന്റെ സുഹൃത്ത് നസീം മുസ്തഫ അവിടെ എത്തിയിരുന്നു. നസീമാണ് പാക്കറ്റ് റാഷിദിന് കൈമാറുന്നത്.

സംഭവത്തിനുശേഷം ഫവാസ് കുവൈറ്റില്‍ നിന്ന് മുങ്ങുകയും നസീം മുസ്തഫ ഒളിവില്‍ പോവുകയുമായിരുന്നു. ഇതിനിടയിലാണ് നസീം മുസ്തഫ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഫവാസിനെക്കുറിച്ച് ഇപ്പോഴും യാതൊരു വിവരവുമില്ല.

ചെയ്യാത്ത കുറ്റത്തിന് ഏതാണ്ട് 25 ദിവസത്തോളം കുവൈറ്റ് ജയിലില്‍ കഴിഞ്ഞ റാഷിദിനെ പിന്നീട് കുവൈറ്റ് സുപ്രീംകോടതി വ്യവസ്ഥകളോടെ ജാമ്യത്തില്‍ വിടുകയായിരുന്നു. കുവൈറ്റിലെ സാമൂഹ്യ പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും മുന്‍ കൈയെടുത്ത് നടത്തിയ ശ്രമത്തിനൊടുവിലാണ് റാഷിദ് ജയില്‍ മോചിതനായത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍