ഇന്ത്യന്‍ ബാഡ്മിന്റന്‍ അസോസിയേഷന്‍ ജിസിസി ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു
Monday, September 8, 2014 9:01 AM IST
കുവൈറ്റ്: പ്രവാസി ബാഡ്മിന്റണ്‍ പ്രേമികള്‍ക്ക് ഓണ സമ്മാനമായി ഇന്ത്യന്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍, കുവൈറ്റ് ജിസിസി ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റ് നടത്തുന്നു.

കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ നാനൂറോളം കുട്ടികള്‍ക്ക് ബാഡ്മിന്റണ്‍ പരിശീലനം നല്‍കിയ ഇന്ത്യന്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ ആദ്യമായാണ് ഗള്‍ഫിലേയും നാട്ടിലേയും പ്രൊഫഷണല്‍ കളിക്കാരെ അണിനിരത്തി അന്താരാഷ്ട്ര ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ മൂന്ന്, നാല്, അഞ്ച് ദിവസങ്ങളിലായി സല്‍വയിലെ സാദ് അല്‍ സൌദ് സ്കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കുവൈറ്റ് ബാഡ്മിന്റണ്‍ ഫെഡറേഷനുമായി സഹകരിച്ച് നടക്കുന്ന പ്രഥമ ടൂര്‍ണമെന്റില്‍ കുവൈറ്റ് ബാഡ്മിന്റണ്‍ ഫെഡറേഷന്‍ പ്രസിഡന്റ് ക്യാപ്റ്റന്‍ അലി അല്‍ മാരി മുഖ്യാതിഥിയായിരിക്കുമെന്ന് ഇന്ത്യന്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

കുവൈറ്റ് ബാഡ്മിന്റണ്‍ ഫെഡറേഷന്റെ കീഴില്‍ ആദ്യമായി അംഗീകാരം നേടിയ ഇന്ത്യന്‍ ബാഡ്മിന്റണ്‍ അസോസിയേഷനുള്ള സാക്ഷ്യപത്രം കെബിഎഫ് പ്രസിഡന്റ് ക്യാപ്റ്റന്‍ അലി അല്‍ മാരി ഇന്ത്യന്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ഡോ. മണി മാരന് കൈമാറി.

കുവൈറ്റിലെ പൊതു സമൂഹത്തില്‍ ബാഡ്മിന്റണ്‍ പ്രചരിപ്പിക്കുവാന്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ മുക്തകണ്ഠം പ്രശംസിച്ച ക്യാപ്റ്റന്‍ അലി അല്‍ മാരി തുടര്‍ന്നുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പരിപൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ഫര്‍വാനിയ ക്രൌണ്‍ പ്ളാസയില്‍ നടന്ന ചടങ്ങില്‍ പ്രദീപ് സ്വാഗതവും ടോം നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍