റിയാദില്‍ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു
Saturday, September 6, 2014 5:39 AM IST
റിയാദ്: വെള്ളിയാഴ്ച അര്‍ധരാത്രി തായിഫിനടുത്ത് ദലം ചെക്പോയിന്റിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം മുറിയനാല്‍ സ്വദേശി കല്ലുവെട്ടിക്കല്‍ കെ.സി ആലിക്കുട്ടി (52) മരിച്ചു.

റിയാദില്‍ നിന്നും 630 കിലോമീറ്റര്‍ അകലെ ജിദ്ദയിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്. ദലം ചെക്പോയിന്റില്‍ നിര്‍ത്തിയ ആലിക്കുട്ടി ഓടിച്ചിരുന്ന ഡൈന പിക്കപ്പിന്റെ പുറകില്‍ ഒരു ട്രെയിലര്‍ ഇടിക്കുകയും ഡൈന മുന്നോട്ട് പോയി മുന്നിലുള്ള വണ്ടിയില്‍ ഇടിക്കുകയുമായിരുന്നു. രണ്ട് വണ്ടിയുടേയും ഇടയില്‍പെട്ടാണ് ആലിക്കുട്ടിയുടെ മരണം സംഭവിച്ചത്.

ഒന്നര വര്‍ഷമായി റിയാദില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ആലിക്കുട്ടി, കുറച്ചു കാലം കുവൈറ്റിലും ജോലി ചെയ്തിട്ടുണ്ട്.

ഭാര്യ: സക്കീന. സുഹ്റാബി (25), ജസീന (22), ഹന്നസ് (18) എന്നീ പെണ്‍കുട്ടികളും ഇഖ്ബാല്‍ (19), ബിലാല്‍ (15) എന്നീ ആണ്‍മക്കളുമുണ്ട്. അപകട വിവരമറിഞ്ഞ ഉടനെ റിയാദില്‍ ജോലി ചെയ്യുന്ന ആലിക്കുട്ടിയുടെ ഭാര്യാസഹോദരന്‍ ഇസ്മായിലും നാട്ടുകാരും ദലമിലെത്തിയിട്ടുണ്ട്.

മൃതദേഹം അല്‍ മുഅയ്യ ജനറല്‍ ആശുപത്രിയിലാണ്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയതായി ഇസ്മായില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍