'കര്‍മ വിശുദ്ധിയിലൂടെ വിജയ പാത ഒരുക്കുക'
Friday, September 5, 2014 7:49 AM IST
മനാമ: മാനവിക സമത്വത്തിന്റെ ഉജ്ജ്വല മാതൃകയായ ഹജ്ജ് കര്‍മം സൃഷ്ടാവിലേക്കുള്ള സൃഷ്ടിയുടെ ദൂരം കുറക്കാനുള്ള അമൂല്യ സന്ദര്‍ഭമാണെന്നും അനുഷ്ഠാന കര്‍മങ്ങളുടെ യഥാര്‍ഥ വശങ്ങള്‍ സൂക്ഷ്മമായി പഠിച്ചവര്‍ക്ക് മാത്രമേ ഹജ്ജ് അതിന്റെ വിശുദ്ധിയോടെ നിര്‍വഹിക്കാനും വിജയപാതയിലേക്കെത്താനും സാധിക്കുകയുള്ളൂവെന്നും സമസ്ത ബഹ്റിന്‍ പ്രസിഡന്റ് സയിദ് ഫക്റുദ്ധീന്‍ തങ്ങള്‍ ഉദ്ബോധിപ്പിച്ചു. സമസ്ത കേരള സുന്നീ ജമാഅ ത്തിന് കീഴില്‍ ഈ വര്‍ഷം ഹജ്ജിന് പോവുന്നവര്‍ക്ക് മനാമ മദ്രസ ഓഡിറ്റോറിയത്തില്‍ നടത്തിയ ഹജ്ജ് പഠന ക്ളാസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

എസ്.എം അബ്ദുള്‍ വാഹിദ് അധ്യക്ഷത വഹിച്ചു. അഷ്റഫ് കാട്ടില്‍ പീടിക, എം.സി മുഹമ്മദ് മുസ്ലിയാര്‍, മുഹമ്മദലി വളാഞ്ചേരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അബ്ദുള്‍ ഹമീദ് വില്യാപള്ളി, ശാഫി വേളം, ഇസ്മായില്‍ ഉമ്മുല്‍ ഹസം, മസ്നാദ് ഹൂറ തുടങ്ങിയവര്‍ സംബന്ധിച്ചു.

ശഹീര്‍ കാട്ടാമ്പള്ളി സ്വാഗതവും നവാസ് കൊല്ലം നന്ദിയും പറഞ്ഞു. സമസ്ത കോഓര്‍ഡിനേറ്റര്‍ ഉമറുല്‍ ഫാറൂഖ് ഹുദവി ക്ളാസിന് നേതൃത്വം നല്‍കി. ക്ളാസിന്റെ രണ്ടാം ഘട്ടം വെള്ളി രാത്രി ഏഴിന് മനാമ മദ്രസ ഓഡിറ്റോറിയത്തില്‍ നടക്കും.