ആര്‍എസ്സി കലാലയങ്ങള്‍ക്ക് തുടക്കം കുറിച്ചു
Monday, August 18, 2014 8:20 AM IST
കുവൈറ്റ്: പ്രബുദ്ധമായ വിചാര സംസ്കാരത്തിലേക്ക് വാതായനങ്ങള്‍ തുറന്ന് റിസാല സ്റഡി സര്‍ക്കിള്‍ ഗല്‍ഫിലുടനീളം നടപ്പാക്കുന്ന കലാലയങ്ങള്‍ക്ക് സ്വാതന്ത്യ്ര ദിനത്തില്‍ പ്രൌഢോജ്വലമായ തുടക്കം.

ഇരുപത്തൊന്നാം നുറ്റാണ്ട് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ധിപ്പിക്കുന്ന 'വൈഡനിംഗ് ഗ്യാപ്' എന്ന പ്രതിഭാസമാണെന്ന് പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ ജോണ്‍ മാത്യു അഭിപ്രായപ്പെട്ടു.

മനുഷ്യ സ്നേഹത്തിലൂന്നിയ സര്‍ഗാത്മക സമൂഹത്തിന്റെ സൃഷ്ടിപ്പിലൂടെ മാത്രമേ ഈ ആഗോള പ്രതിസന്ധിയെ മറികടക്കാന്‍ സാധിക്കുകയുള്ളൂ. ആര്‍എസ്സി നടപ്പിലാക്കുന്ന കലാലയങ്ങള്‍ ഈ ധര്‍മ്മമാണ് സമൂഹത്തില്‍ നിര്‍വഹിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍എസ്സി കുവൈറ്റ് സിറ്റിയിലെ ലൈവ് തിയേറ്ററില്‍ സംഘടിപ്പിച്ച കലാലയം ദേശീയ തല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

അല്‍ വതന്‍ കോളമിസ്റും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഡോ. മുഹമ്മദ് ഗരീബ് അല്‍ ഹാതം മുഖ്യാതിഥിയായിരുന്നു. റിയാസ് അയനം മുഖ്യ പ്രഭാഷണം നടത്തി. അലവി സഖാഫി തെഞ്ചേരി, കൈപ്പട്ടൂര്‍ തങ്കച്ചന്‍, സിദ്ധിഖ് വലിയകത്ത്, ബര്‍ഗ്മാന്‍ തോമസ്, ഫാറൂഖ് ഹമദാനി എന്നിവര്‍ അഭിവാദ്യങ്ങളര്‍പ്പിച്ചു. ആര്‍എസ്സി നാഷണല്‍ ചെയര്‍മാന്‍ അബ്ദുള്‍ ലത്തീഫ് സഖാഫി അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ മിസ്അബ് വില്ല്യാപള്ളി കീ നോട്ട് അവതരിപ്പിച്ചു. സാസ്കാരിക വിഭാഗം കണ്‍വീനര്‍ ഷംനാദ് വള്ളക്കടവ് പ്രസംഗിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ച് കലാ പ്രകടനങ്ങള്‍, ആസ്വാദന സദസ്, വായനാനുഭവം, ചുമര്‍ മാഗസിന്‍ പ്രദര്‍ശനം എന്നിവ നടന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍