പ്രവാസികളുടെ പങ്ക് രാജ്യം വിസ്മരിക്കരുത്: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
Monday, August 18, 2014 6:35 AM IST
അല്‍ ഖോബാര്‍: രാജ്യം 68-ാമത് സ്വാതന്ത്യ്രദിനം ആഘോഷിക്കുമ്പോള്‍ അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരെയും നാടിന്റെ ആത്മാവായ കര്‍ഷകരെയും ആദരിക്കുകയും സ്മരിക്കുകയും ചെയ്യുമ്പോള്‍ രാജ്യത്തിന്റെ സമ്പദ്ഘടനക്ക് ഗണ്യമായ സംഭാവന നല്‍കുന്ന പ്രവാസി ലക്ഷങ്ങളെ വിസ്മരിക്കരുതെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍കോബാറില്‍ സംഘടിപ്പിച്ച സ്വാതന്ത്യ്രദിന സെമിനാര്‍ ആവശ്യപ്പെട്ടു.

ലോകത്തെ മികച്ച ഭരണഘടനയുള്ള ഇന്ത്യയില്‍, ഭരിക്കുന്നവര്‍ അത് പൂര്‍ണാര്‍ഥത്തില്‍ നടപ്പിലാക്കുന്നില്ലെങ്കില്‍ ചോദ്യം ചെയ്യാനുള്ള അവകാശവുമുണ്ട്. വിവിധ സര്‍ക്കാരുകള്‍ മാറിമാറി ഭരിച്ചിട്ടും സ്വതന്ത്യ്രാനന്തരം ബ്രിട്ടീഷ് ഭരണം മാറി ഇന്ത്യക്കാരുടെ ഭരണഘടന നിലവില്‍വന്നതൊഴിച്ചാല്‍ കോരന് കഞ്ഞി കുമ്പിളില്‍ തന്നെയെന്ന അവസ്ഥയാണ്. ശക്തമായ ഭരണഘടന ഉള്ളിടത്തോളം നിരാശപ്പെടേണ്ടതില്ല. ജനാധിപത്യ സംവിധാനങ്ങളുപയോഗിച്ച് തിരുത്തല്‍ ശക്തിയാകാന്‍ കര്‍മനിരതരാകുകയാണ് വേണ്ടതെന്നും യോഗം അഭിപ്രായപ്പെട്ടു. അല്‍കോബാര്‍ ബ്രാഞ്ച് പ്രസിഡന്റ് ഷര്‍നാസ് ആലപ്പുഴ അധ്യക്ഷത വഹിച്ച പരിപാടി ദമാം കേന്ദ്ര സമിതി ജനറല്‍ സെക്രട്ടറി അബ്ദുള്‍ അലി ഉദ്ഘാടനം ചെയ്തു. അബ്ദുള്‍ അസീസ് ചൊക്ളി മുഖ്യ പ്രഭാഷണം നടത്തി. അബ്ദുള്‍ സലാം (ഒഐസിസി), കുഞ്ഞുമുഹമ്മദ് കടവനാട് (കെഎംസിസി), ജമാല്‍ വില്യാപ്പള്ളി (നവയുഗം), സിദ്ദീഖ് (ഐഎംസിസി), അബ്ദുറഹീം, ഷൌക്കത്ത് (ഐഎഫ്എഫ്) എന്നിവര്‍ പ്രസംഗിച്ചു. ഐ.എസ്.എഫ് തുഖ്ബ ബ്രാഞ്ച് പ്രസിഡന്റ് മുനീര്‍ സ്വാതന്ത്യ്രദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അന്‍സാജ് സ്വാഗതവും ഷാന്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം