'വെള്ളി വെളിച്ചം' റിലീസ് ഓഗസ്റ് 27 ന്
Saturday, August 16, 2014 9:37 AM IST
മസ്ക്കറ്റ്: സി.വി. ബാലകൃഷ്ണന്റെ നോവലായ 'സുല്‍ത്താന്റെ നാടിനെ' അടിസ്ഥാനമാക്കി ഒമാനില്‍ പൂര്‍ണമായും ചിത്രീകരിച്ച സിനിമ 'വെള്ളി വെളിച്ചം' വെള്ളിയാഴ്ച തീയറ്ററുകളില്‍ എത്തിയില്ല. ഓഗസ്റ് 27 ന് ചിത്രം നാട്ടില്‍ റിലീസ് ചെയ്യുമെങ്കിലും മസ്ക്കറ്റ് ഉള്‍പ്പെടെയുള്ള ഗള്‍ഫിലെ തീയറ്ററുകളില്‍ എത്താന്‍ ഒരാഴ്ച കൂടി സമയമെടുക്കും.

രമേശ് നമ്പ്യാര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ റെന്നി ജോണ്‍സനാണ്. വെല്‍ഫ്ലോ ടാക്കീസ് അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മധു കൈതപ്രമാണ്. ചിത്രത്തില്‍ പ്രശസ്ത പത്ര പ്രവര്‍ത്തകനായ ജോണ്‍ ബ്രിട്ടാസാണ് പ്രധാന കഥാപാത്രമായ ഉപേന്ദ്രനായി അഭിനയിക്കുന്നത്. ഇനിയ ആണ് നായികാ കഥാപാത്രം.

ദാമ്പത്യത്തില്‍ ഈഗോയെ മതിലിനു പുറത്ത് നിര്‍ത്തി ഗേറ്റ് താഴിട്ട് പൂട്ടി വേണം വീടിനകത്ത് കയറാന്‍ അല്ലെങ്കില്‍ സന്തുഷ്ടമായ ജീവിതം പോലും താറുമാറാകും എന്നതാണ് വെള്ളിവെളിച്ചത്തിന്റെ സന്ദേശം.

അറബി ഭാഷയില്‍ അല്ലാതെ പൂര്‍ണമായും ഒമാന്‍ തലസ്ഥാനമായ മസ്ക്കറ്റിലും സമീപ പ്രദേശങ്ങളിലും ചിത്രീകരിച്ചെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ജോണ്‍ ബ്രിട്ടാസിനെ കൂടാതെ ലാലു അലക്സ്, സുരാജ് വെഞ്ഞാറന്‍മൂട്, ഇനിയ, ടിനി ടോം, ശ്രീജിത്ത് രവി, രവീന്ദ്രന്‍, കരമന സുധീര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. കേരളത്തില്‍ നിന്നും അമ്പതു പേരടങ്ങുന്ന സംഘമാണ് ഷൂട്ടിംഗിനായി ഒമാനിലെത്തിയത്.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം