നിതാഖാത്തില്‍ മഞ്ഞ വിഭാഗത്തില്‍പെടുന്ന വിദേശ തൊഴിലാളികളുടെ കാലാവധി ആറില്‍ നിന്നും നാലു വര്‍ഷമാക്കി ചുരുക്കി
Tuesday, August 12, 2014 8:00 AM IST
ദമാം: നിതാഖാത്ത് വ്യവസ്ഥ പ്രകാരം മഞ്ഞ വിഭാഗത്തില്‍പെടുന്ന തൊഴിലാളികളുടെ തൊഴില്‍പെര്‍മിറ്റ് പുതുക്കി നല്‍കില്ലന്നുള്ള വ്യവസ്ഥ ആറുവര്‍ഷത്തില്‍നിന്ന് നാലു വര്‍ഷമാക്കി ചുരുക്കിയതായി സൌദി തൊഴില്‍ മന്ത്രാലയം അറിയിച്ചു.

ഒക്ടോബര്‍ 23 (മുഹറം 1436) മുതലാണ് പുതിയ വ്യവസ്ഥ നടപ്പാക്കുകയെന്നു മന്ത്രാലയം വ്യക്തമാക്കി. മഞ്ഞ വിഭാഗത്തില്‍ ജോലി ചെയ്യുന്ന സ്വദേശി ജീവനക്കാരെ സുരക്ഷിതമായ പച്ച എക്സലന്റ് വിഭാഗത്തിലേക്ക് മാറാന്‍ പ്രേരിപ്പിക്കുന്നതിനാണ് ഈ നിയമം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് മന്ത്രലായം സുചിപ്പിച്ചു.

മഞ്ഞ വിഭാഗത്തില്‍പെടുന്ന തൊഴിലാളികള്‍ സൌദിയില്‍ എത്തി ആകെ നാലു വര്‍ഷം പൂര്‍ത്തിയായങ്കില്‍ അവരുടെ തൊഴില്‍ പെര്‍മിറ്റ് പുതുക്കി നലകില്ലന്ന് സൌദി തൊഴില്‍ മന്ത്രാലയം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തയ്സീര്‍ അല്‍ മുഫ്രിജ് അറിയിച്ചു. നിലവില്‍ ജോലി ചെയ്യുന്ന സ്പോണ്‍സറുടെ കീഴില് എത്ര വര്‍ഷമെന്നത് പരിഗണിക്കില്ല. വിദേശ തൊഴിലാളി സൌദിയിലെത്തി ആദ്യ തൊഴില്‍ പെര്‍മിറ്റ് ലഭിച്ചത് മുതലുള്ള കാലം കണക്കാക്കിയാണ് നാലു വര്‍ഷവും അതില്‍ കൂടുതലുമുള്ള തൊഴിലാളികള്‍ക്ക് അവര്‍ ജോലി ചെയ്യുന്നത് മഞ്ഞ വിഭാഗത്തില്‍ ഉള്‍പ്പെട്ടതാണങ്കില്‍ തൊഴില്‍ പെര്‍മിറ്റ് പുതുക്കി നല്‍കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുന്നത്.

നിതാഖാത്ത് വ്യവസ്ഥപ്രകാരം സ്വകാര്യസ്ഥാപനങ്ങള്‍ സുരക്ഷാ വിഭാഗത്തിലേക്ക് മാറുന്നതിനുവേണ്ടിയാണ് ഇത്തരം വ്യവസ്ഥകള്‍കൊണ്ട് വരുന്നതെന്ന് അദ്ദേഹം അറിയിച്ചു.

നിതാഖാത്ത് നിയമ പ്രകാരം മഞ്ഞ വിഭാഗത്തില്‍പെടുന്ന സ്വകാര്യസ്ഥാപനങ്ങള്‍ക്ക് തൊഴില് മന്ത്രാലയം, പുതിയ വീസകള്‍ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുകയില്ല. ഈ വിഭാഗത്തില്‍പെടുന്ന സ്ഥാപനങ്ങളിലേക്ക് തൊഴിലാളികളുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റവും അനുവദിക്കില്ല. കുടാതെ തൊഴിലാളികളുടെ പ്രഫഷന് മാറ്റം നിരോധനമുണ്ടായിരിക്കും. പുതിയ തൊഴിലാളികളുടെ തൊഴില്‍ പെര്‍മിറ്റ് ലഭിക്കില്ലന്നതും നാലു വര്‍ഷം പൂര്‍ത്തിയായ വിദേശ തൊഴിലാളുകളുടെ തൊഴില് പെര്‍മിറ്റ് പുതുക്കി നല്‍കില്ലെന്നതും മഞ്ഞ വിഭാഗത്തില്‍പെടുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിതാഖാത്ത് വ്യവസ്ഥ കൈക്കൊള്ളുന്ന നടപടിയാണ്.

നിതാഖാത്ത് പ്രകാരം കുറഞ്ഞ പച്ച വിഭാഗത്തില്‍പെടുന്ന സ്ഥാപനങ്ങള്‍ സുരക്ഷാ വിഭാഗത്തിലേക്ക് മാറുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഹദ്ഫില്‍ (മാനവ വിഭവ വികസന നിധി) യില്‍ നിന്നു ആവശ്യമായ സ്വദേശി തൊഴിലാളികളെ സ്വീകരിക്കാവുന്നതാണന്നും ഇതിനായി സ്വദേശികളുമായി കുടിക്കാഴ്ച നടത്താവുന്നതാണന്നും അദ്ദേഹം സുചിപ്പിച്ചു.

സ്വദേശി തൊഴിലാളികള്‍ക്ക് തൊഴില്‍ പരിശീലനങ്ങളും സ്വദേശികള്‍ക്കും അവര്‍ക്ക് തൊഴില്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്കും വിവിധ ആനുകൂല്യങ്ങളും ഹദ്ഫ് നല്‍കാറുണ്ടന്ന് അല്‍ മുഫ്രിജ് സുചിപ്പിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം