ചെറിയ പെരുന്നാളിന് മക്കയില്‍ ഹോട്ടല്‍ മുറിക്ക് റിക്കാര്‍ഡ് വാടക
Tuesday, July 29, 2014 3:49 AM IST
മക്ക: മക്കയിലെ വിശുദ്ധ ഹറം കാണാന്‍ കഴിയുന്ന തരത്തിലുള്ള ഹോട്ടല്‍ മുറികള്‍ക്ക് റമദാന്റെ അവസാന നാളുകളില്‍ റിക്കാര്‍ഡ് വാടകയാണ് ഈടാക്കിയത്. ഒരു ദിവസത്തേക്ക് 70,000 മുതല്‍ ഒരു ലക്ഷം റിയാല്‍ വരെയായിരുന്നു വാടക.

അതായത് ഏകദേശം 16 ലക്ഷം ഇന്ത്യന്‍ രൂപ ഒരു ദിവസത്തെ വാടക. ഹോട്ടല്‍ മുറികള്‍ ഒരു വര്‍ഷത്തേയ്ക്ക് ഒന്നിച്ച് വാടകയ്ക്കെടുക്കുന്ന സ്ഥാപനങ്ങളാണ് ഇത്തരത്തില്‍ ഉയര്‍ന്ന നിരക്കില്‍ തീര്‍ഥാടകര്‍ക്ക് മുറികള്‍ വാടകയ്ക്ക് മറിച്ചു നല്‍കുന്നതെന്ന് മക്ക ചേംബര്‍ ഓഫ് കൊമേഴ്സിലെ റിയല്‍ എസ്റേറ്റ് കമ്മിക് പ്രസിഡന്റ് മണ്‍സൂര്‍ അബു റയാഷ് പറഞ്ഞു.

ഹറമില്‍ നടപ്പാക്കുന്ന വികസന പദ്ധതികള്‍ ഹോട്ടലുകളുടെയും കെട്ടിടയങ്ങളുടെയും എണ്ണം വന്‍ തോതില്‍ കുറയാന്‍ ഇടയാക്കി. ഇത് മുതലാക്കിയാണ് റിയല്‍ എസ്റേറ്റ് മേഖലയില്‍ ഉള്ളവര്‍ ഉയര്‍ന്ന വാടക ഈടാക്കുന്നത്.

അതേസമയം ഉയര്‍ന്ന വാടക ഈടാക്കുന്ന ഹോട്ടലിനെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കാനോ പിഴചുമത്താനോ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് സാധിക്കില്ലെന്നും അബുറയാഷ് പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം