ജമീലയ്ക്കും മക്കള്‍ക്കും യൂത്ത് വിഷന്റെ സാന്ത്വനം
Wednesday, July 23, 2014 8:14 AM IST
റിയാദ്: പ്ളാസ്റിക് കവര്‍ കൊണ്ട് മേല്‍ക്കൂര മറച്ച് ഏത് നിമിഷവും നിലംപൊത്താറായി നിന്ന വീടിനു പകരം മനോഹരമായ ഒരു കൊച്ചുവീട് നിര്‍മിച്ച് നല്‍കി റിയാദിലെ യൂത്ത്വിഷന്‍ എന്ന സംഘടന ജമീലക്കും മക്കള്‍ക്കും സമാശ്വാസമായി.

കണ്ണൂര്‍ വടക്കുമ്പാട് സ്വദേശിനി ജമീലക്കും മക്കള്‍ക്കും ചോര്‍ന്നൊലിക്കാത്ത ഒരു വീട് ഒരു വിദൂര സ്വപ്നമായിരുന്നു. ഇവരുടെ ദുരിതം മനസിലാക്കിയ യൂത്ത്വിഷന്‍ പ്രവര്‍ത്തകര്‍ ഒരു പറ്റം മനുഷ്യസ്നേഹികളുടേയും വടക്കുമ്പാട് ജമാഅത്ത് നിവാസികളുടേയും സഹകരണത്തോടെ ഒരു മാസത്തെ കഠിനാധ്വാനം കൊണ്ട് ജമീലക്കും കുടുംബത്തിനും പുതിയ വീട് നിര്‍മിച്ചു നല്‍കി. ജമീലയുടെ വീടിന്റെ താക്കോല്‍ദാനകര്‍മ്മം മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി കഴിഞ്ഞ ദിവസം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രമ്യ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സിനിമാതാരം ശിവന്‍ ശിവദാസ്, പ്രമുഖ രാഷ്ട്രീയകക്ഷികളുടെ പ്രതിനിധികള്‍ വടക്കുമ്പാട് മഹല്ല് കമ്മിറ്റി ഭാരവാഹികള്‍, യൂത്ത്വിഷന്‍ കേരള ചാപ്റ്റര്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂത്ത്വിഷന്‍ എന്ന സംഘടന സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. യൂത്ത്വിഷന്‍ തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനും പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിനും പ്രധാനമായും ആശ്രയിക്കുന്നത് ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കുകളേയാണ്. പ്രവാസി പുനരധിവാസ പദ്ധതികളും സാമൂഹ്യ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി 10 ലക്ഷം രൂപയിലധികം എല്ലാ വര്‍ഷവും സംഘടന ചെലവഴിക്കുന്നുണ്ട്.

സംഘടനയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവര്‍ അന്‍വര്‍ സാദിഖ് 0538686646, റഫീഖ് തിരുവാഴാംകുന്ന് 0537730091 എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍