കെഎംസിസി ഉമ്മുല്‍ഹസം ഏരിയ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
Monday, July 21, 2014 7:03 AM IST
ഉമ്മുല്‍ഹസം (മനാമ): വിശുദ്ധ റമസാനില്‍ ബഹ്റിന്‍ കെഎംസിസി നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി മുഴുവന്‍ വിശ്വാസികളും സഹകരിക്കണമെന്നും സംഘടനയുടെ പ്രധാന ജീവകാരുണ്യപ്രവര്‍ത്തനമായ അമ്പതു പ്രവാസി ബൈത്തുറഹ്മ പദ്ധതി വിജയിപ്പിക്കാന്‍ മുഴുവന്‍ വിശ്വാസികളും സഹകരിക്കണമെന്നും ബഹ്റിന്‍ കെഎംസിസി ഉമ്മുല്‍ ഹസം ഏരിയ ഇഫ്താര്‍ സംഗമം വിശ്വാസികളോടഭ്യര്‍ഥിച്ചു.

കഴിഞ്ഞ ദിവസം ഉമ്മുല്‍ ഹസം സമസ്ത ഓഫീസില്‍ സംഘടിപ്പിച്ച കെഎംസിസി ഉമ്മുല്‍ ഹസം ഏരിയ ഇഫ്താര്‍ മീറ്റില്‍ ഇതര ഏരിയ നേതാക്കള്‍ക്കൊപ്പം കേന്ദ്ര നേതാക്കളും സംബന്ധിച്ചു.

കെഎംസിസി നടപ്പിലാക്കുന്ന 50 പ്രവാസി ബൈത്തു റഹ്മ പദ്ധതിക്കായി വിശുദ്ധ റമദാനില്‍ ഏരിയകള്‍ തോറും നടക്കുന്ന റിലീഫ് പ്രവര്‍ത്തനങ്ങളുമായി എല്ലാവരും സ്വയം സഹകരിക്കുന്നതോടൊപ്പം മറ്റുള്ളവരെ കൂടി പങ്കാളികളാക്കണമെന്നും ഈ മഹത്തായ ജീവ കാരുണ്യപ്രവര്‍ത്തനം വന്‍ വിജയമാക്കണമെന്നും ഇഫ്താര്‍ സംഗമത്തില്‍ സംസാരിച്ച പ്രസിഡന്റ് എസ്.വി. ജലീല്‍ സാഹിബ് അഭ്യര്‍ഥിച്ചു.

ചടങ്ങില്‍ ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍, ഷാഫി പാറക്കട്ട, സിദ്ധീഖ് കണ്ണൂര്‍, ഗഫൂര്‍ കൈപമംഗലം, എ.പി ഫൈസല്‍ വില്ല്യാപള്ളി, അഹ്മദ് കണ്ണൂര്‍ എന്നിവരും പങ്കെടുത്തു.

ഉസ്താദ് ഇബ്രാഹിം ദാരിമി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ജാഫര്‍, ഹനീഫ, ഷുക്കൂര്‍, സാദിഖ്, ജന്ഫര്‍ കണ്ണൂര്‍, ഇസ്മായില്‍ തുടങ്ങിയ ഏരിയ പ്രവര്‍ത്തകര്‍ ഇഫ്താറിന് നേതൃത്വം നല്‍കി.