ഫോര്‍ക്കയുടെ ജനറല്‍ കൌണ്‍സില്‍ സംഘടിപ്പിച്ചു; പുനരധിവാസം ഊര്‍ജിതമാക്കാന്‍ തീരുമാനം
Wednesday, July 16, 2014 4:03 AM IST
റിയാദ്: റിയാദിലെ പ്രദേശിക സംഘടനകളുടെ പൊതുവേദിയായ ഫോര്‍ക്ക 2014 ലെ ആദ്യ ജനറല്‍ കൌണ്‍സില്‍ യോഗം കഴിഞ്ഞ ദിവസം റമാദ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. കേരളത്തിലെ കാസര്‍കോഡ് മുതല്‍ പാറശാല വരെയുള്ള പ്രദേശങ്ങളിലെ നിരവധി പ്രാദേശിക കൂട്ടായ്മകളുടെ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു.

റിയാദിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ സിറ്റി ഫ്ളവര്‍ എംഡി ടി.എം. അഹമ്മദ് കോയ പരിപാടി ഉദ്ഘാടനം ചെയ്തു. ഫോര്‍ക്കയെക്കുറിച്ചും അതിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചും വൈസ് ചെയര്‍മാന്‍ സൈനുദ്ദീന്‍ കൊച്ചി സദസിന് പരിചയപ്പെടുത്തി. തുടര്‍ന്നുനടന്ന ചര്‍ച്ചയില്‍ എല്ലാ സംഘടനാ പ്രതിനിധികളും സജീവമായി പങ്കെടുത്തു. ഏഴു പേരടങ്ങുന്ന പത്തു ഗ്രൂപ്പുകളാക്കി തിരിച്ച് പ്രവാസികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി പുനരധിവാസത്തിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്തു.

ഗ്രൂപ്പ് ലീഡര്‍മാരായ സത്താര്‍ കായംകുളം, ലത്തീഫ് തെച്ചി തലയാട്, സൈനുദ്ദീന്‍ കൊച്ചി, അനി അബ്ദുള്‍ അസീസ്, ഇഖ്ബാല്‍, സാജിദ് ചേന്ദമമംഗല്ലൂര്‍, അഷ്റഫ്, മജീദ് കരുനാഗപ്പള്ളി, ഫഖ്റുദ്ദീന്‍, കുഞ്ഞിപ്പ തവനൂര്‍ എന്നിവര്‍ പുനരധിവാസത്തില്‍ അവരുടെ സംഘടനകളുടെ സംരഭങ്ങള്‍ വിശദീകരിച്ചത് മറ്റു പല സംഘടനകള്‍ക്കും പ്രചോദനമാവുകയും അവരും സാധ്യമായ വഴികളിലൂടെ ഫോര്‍ക്കയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചു പുനരധിവാസ സംരഭങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുമെന്നും പറഞ്ഞു.

ഫോര്‍ക്കയുടെ വൈസ് ചെയര്‍മാന്‍ അനി അബ്ദുള്‍ അസീസ് ഫോര്‍ക്ക പിന്നിട്ട വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഫോര്‍ക്കയുടെ വിവിധ സബ്കമ്മിറ്റികളുടെ രൂപീകരണത്തെക്കുറിച്ചും സംഘടനയുടെ പ്രാധാന്യത്തെക്കുറിച്ചും ട്രഷറര്‍ ഉമ്മര്‍ മുക്കം പ്രസംഗിച്ചു. ഫോര്‍ക്കയുടെ അംഗത്വമുള്ള മികച്ച പ്രാദേശിക സംഘടനക്ക് അവാര്‍ഡ് നല്‍കാനും സൌദിയിലെ വിവിധ നിയമ വശങ്ങളെക്കുറിച്ച് ബോധവത്കരണ പ്രവര്‍ത്തനം നടത്താനും അംഗ സംഘടനകള്‍ക്ക് നേതൃത്വ പരിശീലന ക്യാമ്പ് നടത്താനും ജനറല്‍ കൌണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചു.

പുതുതായി ഫോര്‍ക്കയില്‍ അംഗത്വത്തിന് താത്പര്യമുള്ള പ്രാദേശിക സംഘടനകള്‍ 0507226910, 0509656734.

സഫിയ ട്രാവല്‍സ് സ്പോണ്‍സര്‍ ചെയ്ത മൂന്നു സമ്മാങ്ങള്‍ക്ക് സമ്മാന കൂപ്പണ്‍ വിജയികളായ സുഭാഷ് നെയ്യാറ്റിന്‍കര, ഹരീഷ് പയ്യന്നൂര്‍ സൌഹൃദവേദി, ഫക്റുദ്ദീന്‍ അലി എന്നീ മൂന്നു പേര്‍ക്ക് 30 വര്‍ഷം പ്രവാസ ജീവിതം പിന്നിട്ട മൂന്നു പേര്‍ സോണി കുട്ടനാട്, അസ്ലം പെരിന്തല്‍മണ്ണ, യൂനുസ് തലശേരി എന്നിവര്‍ സമ്മാനം കൈമാറി. നാസര്‍ കാരന്തൂര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജാബിര്‍ കാളികാവ് സ്വാഗതവും സൈദു മീഞ്ചന്ത നന്ദിയും പറഞ്ഞു. രാത്രി 11 ന് തുടങ്ങിയ പരിപാടി റമാദ് റസ്ററന്റിലെ അത്താഴത്തോടെ 2.30 ന് അവസാനിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍