കുവൈറ്റ്- ഇന്ത്യ സാമ്പത്തിക വാണിജ്യബന്ധം പുതുതലത്തിലേക്ക്
Thursday, July 10, 2014 8:07 AM IST
കുവൈറ്റ്: കുവൈറ്റ് - ഇന്ത്യ സാമ്പത്തിക വാണിജ്യബന്ധം ചരിത്രപരമായ നേട്ടം കൈവരിച്ചതായി കുവൈറ്റിലെ ഇന്ത്യന്‍ എംബസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ കരാറിലേര്‍പ്പെട്ടിട്ടുള്ള ഇടപാടുകള്‍ നടപ്പുസാമ്പത്തികവര്‍ഷത്തിലും കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനാവുമെന്നാണ് നല്‍കുന്ന സൂചന.

840 ദശലക്ഷം ഡോളര്‍ മുതല്‍മുടക്കി നിര്‍മിക്കുന്ന അല്‍സബ ആശുപത്രിയുടെ നിര്‍മാണത്തിനായി മുംബൈയിലെ ഷപൂര്‍ജി പലോന്‍ജി കമ്പനി കുവൈറ്റ് പൊതുമരാമത്ത് മന്ത്രാലയവുമായി ഏപ്രില്‍ മാസത്തില്‍ കരാര്‍ ഒപ്പുവച്ചു. കൂടാതെ, ലോകോത്തര സര്‍വകലാശാലകളില്‍ ഒന്നായി മാറുന്ന കുവൈറ്റ് സര്‍വകലാശാലയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് 525 മില്യണ്‍ ഡോളറിന്റെ പദ്ധതിക്ക് മുംബൈയിലെ ഷപൂര്‍ജി പലോന്‍ജി കമ്പനി സെന്‍ട്രല്‍ ടെന്‍ഡര്‍ കമ്മിറ്റിയുടെ പരിഗണനയിലാണ്. 840 ദശലക്ഷം ഡോളര്‍ മുതല്‍മുടക്കുന്ന കുവൈറ്റ് പെട്രോളിയം കമ്പനിയുടെ കീഴില്‍ വാതകശേഖരണ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള കരാര്‍ ഇന്ത്യയിലെ എല്‍ആന്‍ഡ്ടിക്ക് നല്‍കുന്നതാണെന്ന് കുവൈറ്റ് അധികൃതര്‍ വെളിപ്പെടുത്തി. മറ്റൊരു വാതകശേഖരണ കേന്ദ്രത്തിനുള്ള കരാര്‍ ഇന്ത്യയിലെതന്നെ ഡോഡ്സല്‍ കമ്പനിക്ക് 810 ദശലക്ഷം ഡോളറിന് കരാര്‍ നല്‍കുന്നതിനും തീരുമാനിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍